കയ്റോ : പുരാതന ഈജിപ്ഷ്യൻ നഗരമായ അലക്സാൻഡ്രിയയ്ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രാചീന നഗരമായ ടപോസിരിസ് മാഗ്നയിൽ കണ്ടെത്തിയ വെള്ള മാർബിൾ ശില്പം ക്ലിയോപാട്രയുടേത് ആകാമെന്ന് സംശയം. ഒരാളുടെ കൈയ്യിൽ ഒതുങ്ങാനത്ര വലിപ്പമുള്ള, രാജകീയ കിരീടം ധരിച്ച ഒരു യുവതിയുടെ പ്രതിമയാണ് കണ്ടെത്തിയത്.
എന്നാൽ, ഇത് മറ്റാരെങ്കിലും ആകാമെന്ന അഭിപ്രായം മറ്റൊരു വിഭാഗം ഗവേഷകർക്കുണ്ട്. ഈജിപ്ഷ്യൻ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെയും പങ്കാളിയും റോമൻ ജനറലുമായ മാർക്ക് ആന്റണിയുടെയും 2000 വർഷം പഴക്കമുള്ള കല്ലറ ടപോസിരിസ് മാഗ്നയിലെ ക്ഷേത്രത്തിന് സമീപത്താണെന്നാണ് വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിൽ കല്ലറ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഗവേഷകർ.
ടപോസിരിസ് മാഗ്നയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെ കാണാം. ക്ലിയോപാട്രയുടെയും ടോളമി രാജവംശത്തിൽപ്പെട്ടവരുടെയും എന്ന് കരുതുന്ന നാണയങ്ങളും ശില്പങ്ങളും നേരത്തെ മേഖലയിലെ ഖനനത്തിനിടെ കണ്ടെത്തിയിരുന്നു.
ബി.സി 305 നും 30 നും മദ്ധ്യേ ഈജിപ്‌ത് ഭരിച്ചിരുന്ന ടോളമി രാജവംശത്തിലെ അവസാന കണ്ണിയാണ് ക്ലിയോപാട്ര. ബി.സി 31ൽ യുദ്ധത്തിൽ ശത്രുവായ ഒക്ടേവിയനോട് പരാജയപ്പെട്ടതോടെ ക്ലിയോപാട്രയും ജീവിതപങ്കാളിയായിരുന്ന മാർക്ക് ആന്റണിയും ആത്മഹത്യ ചെയ്തു. ആന്റണി കത്തികൊണ്ട് സ്വയം കുത്തിയും ക്ലിയോപാട്ര വിഷം കഴിച്ചോ പാമ്പിനെ കൊണ്ട് കൊത്തിച്ചോ മരിച്ചെന്നും പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്തു. എന്നാൽ അത് എവിടെയെന്ന് ഇന്നും കണ്ടെത്തിയിട്ടില്ല. അമൂല്യമായ പല വസ്തുക്കളും ഈ കല്ലറയിൽ ഉണ്ടാകാം.
പുരാതന ഈജിപ്ഷ്യൻ ദേവനായ ഓസൈറിസിന്റെ ആരാധനാലയമാണ് ടപോസിരിസ് മാഗ്ന. ഭാര്യയായ ഐസിസിന്റെ ഒരു ക്ഷേത്രവും ഇവിടെ നിലനിന്നിരുന്നു എന്നാണ് വിശ്വസം. ഐസിസിന്റെ ഒരു ക്ഷേത്രത്തിന് സമീപമാണ് ക്ലിയോപാട്രയുടെ കല്ലറയെന്ന് പുരാതന ഗ്രീക്ക് ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |