തിരുവനന്തപുരം: മെച്ചപ്പെട്ട ജോലി സാദ്ധ്യതകൾ തേടി ഇന്ത്യക്കാർ വിദേശത്തേക്ക് പറക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. ഉയർന്ന വരുമാനവും മെച്ചപ്പെട്ട ജീവിതശൈലിയും തേടിയാണ് മിക്കയാളുകളും ലക്ഷങ്ങൾ ചെലവാക്കി വിദേശത്തേക്ക് വിമാനം കയറുന്നത്. കോഴ്സ് കഴിഞ്ഞ ഉദ്യോഗാർത്ഥികളും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമാണ് ഇക്കൂട്ടത്തിൽ കൂടുതലുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ കേരളത്തിലെ സർക്കാർ ജീവനക്കാരും മെച്ചപ്പെട്ട ജോലിക്കായി വിദേശത്തേക്ക് വിമാനം കയറുകയാണ്. സംസ്ഥാനത്തെ സർക്കാർ സർവീസിലുള്ള നഴ്സുമാരാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതലുള്ളത്.
അഞ്ച് വർഷമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയിൽ തുടരുന്ന മെഡിക്കൽ കോളേജ് സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു. ഇവർ ഉൾപ്പടെ 216 നഴ്സുമാരാണ് വിവിധ മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ശമ്പളമില്ലാതെ പരമാവധി അഞ്ച് വർഷം മാത്രമേ അവധി എടുക്കാൻ സാധിക്കുകയുള്ളൂ. മുമ്പ് 20 വർഷം വരെ അവധി എടുക്കാമായിരുന്നു. എന്നാൽ ഒന്നാം പിണറായി സർക്കാരാണ് അഞ്ച് വർഷത്തെ നിബന്ധന കൊണ്ടുവന്നത്.
20 വർഷം വരെ അവധി എടുത്ത് വിദേശത്ത് ജോലി ചെയ്ത് വിരമിക്കുന്നതിന് തൊട്ടുമുമ്പ് സർവീസിൽ കയറി പെൻഷൻ കൈപ്പറ്റുന്ന പതിവുണ്ടായിരുന്നു. മുൻപ് ഈ രീതി പിന്തുടർന്നത് ഡോക്ടർമാരാണെങ്കിൽ നഴ്സുമാർക്കിടെയിലും ഈ പ്രവണത വർദ്ധിക്കുകയാണ്. ഡോക്ടർമാർ ഇങ്ങനെ അവധി എടുത്ത് സ്വകാര്യ ആശുപത്രികളിലേക്കും വിദേശത്തേക്കും പോകാറുണ്ടായിരുന്നു. ഈ മാസം ആദ്യം 36 ഡോക്ടർമാരെ സർക്കാർ പിരിച്ചുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |