കൊല്ലം: സർക്കാരിന് വയ്യെങ്കിൽ കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ എസ്.എൻ.ഡി.പി യോഗം ഗുരുദേവ പ്രതിമ സ്ഥാപിക്കാമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിൽ, കൊല്ലം എസ്.എൻ കോളേജ് പി.ടി.എ, സ്റ്റാഫ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം എസ്.എൻ കോളേജിൽ സംഘടിപ്പിച്ച കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി ആചരണവും മെരിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കുമെന്ന് സർക്കാർ പറഞ്ഞിട്ട് കൊല്ലം രണ്ടാകുന്നു. ഉദ്ഘാടന സമയത്ത് വച്ച പ്രാകൃതമായ പ്രതിമയ്‌ക്കെതിരെ വിമർശനം ഉയർന്നതോടെയാണ് പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഗുരുവിനെക്കുറിച്ച് അധര വ്യായാമം നടത്തിയിട്ട് കാര്യമില്ല.
ഗുരുദേവന്റെ ഈശ്വരീയതയെ ബോധപൂർവം തമസ്‌കരിക്കുകയാണ്. ഗുരുദേവൻ വിപ്ലവകാരിയാണ്, സാമൂഹ്യ പരിഷ്‌കർത്താവാണ് എന്നൊക്കെ പറയുമ്പോഴും ഈശ്വരീയതയെക്കുറിച്ച് പറയുന്നില്ല. ഗുരു പരബ്രഹ്മമാണ്. താൻ ആരാണെന്ന് തന്റെ കൃതികളിലൂടെ ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. അതൊന്നും പറയാനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങളില്ല. ഗുരുദേവ ദർശനവും പാഠപുസ്‌തകങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നു.
കുമാരനാശാനും പാഠപുസ്തകങ്ങളിൽ നിന്ന് മറയുന്നു. പിന്നാക്കക്കാരുടെ നീതിക്കായി ശബ്ദമുയർത്തിയ നായകനായിരുന്നു കുമാരനാശാൻ. പിന്നാക്കക്കാർക്ക് ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിദ്ധ്യത്തിനായി അദ്ദേഹം പ്രജാസഭയിൽ ശബ്ദമുയർത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിന്റെ മഹാകവി കുമാരനാശാൻ പ്രത്യേക പതിപ്പ് പ്രകാശനവും വെള്ളാപ്പള്ളി നിർവഹിച്ചു. ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്കുകൾ നേടിയ കൊല്ലം എസ്.എൻ കോളേജിലെ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും വെള്ളാപ്പള്ളി നൽകി.
യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷനായി. ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കോ-ഓർഡിനേറ്റർ പി.വി. രജിമോൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു, സംസ്ഥാന സെക്രട്ടറി ഡോ. ആർ.വി. സുമേഷ്, ശ്രീനാരായണഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡോ. കെ.വി. സനൽകുമാർ, വൈസ് പ്രസിഡന്റ് പ്രൊഫ. പി. രാധാമണി, ശ്രീനാരായണ എപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ, എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് സെക്രട്ടറി എസ്. ജയന്തി, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. എസ്. ലൈജു, പി.ടി.എ സെക്രട്ടറി ഡോ. എസ്.ശങ്കർ, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. എൻ. രതീഷ്, മലയാള വിഭാഗം മേധാവി ഡോ. നിത്യ പി. വിശ്വം, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ഷെഹന എന്നിവർ സംസാരിച്ചു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ് സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഡി.ആർ. വിദ്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |