കൊച്ചി: കേരളത്തിൽ ഈഴവ സമുദായം നേരിടുന്ന അവഗണനയെക്കുറിച്ച് തുറന്നുപറയാൻ ഒരു രാഷ്ട്രീയ നേതാവ് ഇപ്പോഴെങ്കിലും ചങ്കൂറ്റം കാണിച്ചതിൽ നന്ദിയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോണിന്റെ കേരളകൗമുദിയിൽ വന്ന അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജോൺ വിവരവും വിദ്യാഭ്യാസവും യാഥാർത്ഥ്യബോധവുമുള്ള നേതാവാണ്. ഈഴവർക്ക് വേണ്ടി ജോണെങ്കിലും മുന്നോട്ടുവന്നതിൽ അഭിമാനമുണ്ട്. ഈഴവരുടെ ദുരവസ്ഥ അദ്ദേഹത്തെ പോലൊരാൾ തുറന്നു പറഞ്ഞതിൽ സന്തോഷവുമുണ്ട്. രാഷ്ട്രീയപരമായും സാമൂഹികമായും സാമ്പത്തികമായും കേരളത്തിലെ സാഹചര്യങ്ങൾ നല്ലപോലെ പഠിച്ചയാളും ജ്ഞാനമുള്ളയാളുമാണ് ജോൺ. അദ്ദേഹത്തിന് ഈഴവരുടെ മനസ് മനസിലാകും.
രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ഭരണരംഗങ്ങളിൽ പതിറ്റാണ്ടുകളായി താൻ പറയുന്ന കാര്യമാണിത്. ആരും ഗൗനിച്ചില്ല. പഞ്ചായത്ത് മുതൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വരെ സ്ഥാനാർത്ഥികളെ നിർണയിക്കുമ്പോൾ എല്ലാ പാർട്ടികളും അംഗബലം കൊണ്ട് മുന്നിൽ നിൽക്കുന്ന ഈഴവരെ ചവിട്ടിത്താഴ്ത്തുകയാണ്. വന്നുവന്ന് കോൺഗ്രസിൽ ഒരു ഈഴവ എം.എൽ.എ മാത്രമേയുള്ളൂ. സംഘടിത മതശക്തികൾക്കും വോട്ടുബാങ്കുകൾക്കും മുന്നിൽ എല്ലാവരും മുട്ടിലിഴയും.
ഈഴവന്റെ വോട്ട് എല്ലാവർക്കും വേണം. പക്ഷേ പാർട്ടി പദവികളും സ്ഥാനാർത്ഥി നിർണയവും വരുമ്പോൾ അയിത്തമാണ്. ത്രിതല പഞ്ചായത്തിലും നിയമസഭയിലും പാർലമെന്റിലും മന്ത്രിസഭകളിലും ഇന്നലെയും ഇന്നും ഈഴവർക്ക് അർഹമായ പ്രാതിനിധ്യം ഒരു പാർട്ടിയിൽ നിന്നും ലഭിച്ചിട്ടില്ല. പ്രത്യേകിച്ച് കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്. കെ.പി.സി.സി പ്രസിഡന്റിനെപ്പോലും തഴയുന്ന സാഹചര്യമാണുള്ളത്. കോൺഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. ഒരു പക്ഷേ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാകും.
ജനാധിപത്യത്തിൽ സാമൂഹ്യനീതിയാണ് വേണ്ടത്. ആ സാമൂഹ്യനീതി ദൗർഭാഗ്യവശാൽ ഇവിടെ നടപ്പാകുന്നില്ല. സംഘടിതമായ സമുദായങ്ങൾക്കേ അധികാരത്തിന്റെ അകത്തളങ്ങളിൽ പ്രവേശനമുള്ളൂ എന്നു വന്നാൽ അത് സാമൂഹ്യവ്യവസ്ഥയെ ശിഥിലമാക്കും. പാർട്ടി പദവികളിലും അധികാര കസേരകളിലും ഈഴവ സമുദായത്തിന് മാന്യമായ പ്രാതിനിധ്യം നൽകാനുള്ള ബാദ്ധ്യതയും ഉത്തരവാദിത്തവും എല്ലാ രാഷ്ട്രീയ കക്ഷികൾക്കുമുണ്ട്. അത് നിഷേധിച്ചാൽ പ്രത്യാഘാതം തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കും. അസംതൃപ്തരായ വലിയൊരു വിഭാഗമായി പിന്നാക്കക്കാർ മാറിയാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ പ്രതികരിക്കേണ്ട രീതിയിൽ അവർ പ്രതികരിച്ചെന്നിരിക്കും. അത് എല്ലാ മുന്നണികളെയും ദോഷകരമായി ബാധിക്കും. സി.പി. ജോണിന്റെ വിവേകം മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കുമുണ്ടാകട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |