കൊച്ചി: ബി.ഡി.ജെ.എസ് ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻ.ഡി.എ) തുടരുമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസ് ജനാധിപത്യ പാർട്ടിയാണ്. അംഗങ്ങൾക്കും നേതാക്കൾക്കും അഭിപ്രായം പറയാം. കോട്ടയത്ത് നടന്നത് ജില്ലാ ക്യാമ്പായിരുന്നു. പഞ്ചായത്തുതലം മുതലുള്ള നേതാക്കളാണ് പങ്കെടുത്തത്. എൻ.ഡി.എ വിടാൻ പ്രമേയം പാസാക്കിയിട്ടില്ല. അഭിപ്രായ പ്രകടനങ്ങൾ വാർത്തയാക്കുന്നത് ചില മാദ്ധ്യമങ്ങൾ മാത്രമാണ്. ഇത് കുപ്രചാരണമാണ്. ഫെബ്രുവരി ഒന്നിന് ചേർത്തലയിൽ ചേരുന്ന സംസ്ഥാന കൗൺസിലിലും എക്സിക്യുട്ടീവ് യോഗത്തിലും മുന്നണി മാറ്റം വിഷയമല്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുക. എൻ.ഡി.എയിലെ ഘടകക്ഷികൾ പൊതുവേ സംതൃപ്തരാണെന്നാണ് കരുതുന്നതെന്നും അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും മുന്നണി കൺവീനർ കൂടിയായ തുഷാർ പറഞ്ഞു. കേന്ദ്ര സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും മറ്റും ബി.ഡി.ജെ.എസിന്റെ ഉൾപ്പെടെ പ്രതിനിധികളുണ്ട്. പുതിയ പദവികളും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |