ശിവഗിരി: ഗുരുദേവ ദർശനം രൂപം കൊണ്ടത് സനാതന ധർമ്മത്തിന്റെ അടിത്തറയിലാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശ്രീനാരായണ ങരുദേവൻ സനാതന ധർമ്മവിരോധിയായിരുന്നു എന്നത് ചില പ്രത്യേക പ്രത്യയശാസ്ത്രം പിൻപറ്റുന്നവരുടെ കുപ്രചരണമാണെന്നും ശിവിഗിരി തീർത്ഥാടന ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം
പറഞ്ഞു..
''പലമതസാരവുമേകം'' എന്ന് ഗുരു പഠിപ്പിച്ചത് ''ഏകം സദ് വിപ്രാ ബഹുധാ വദന്തി'' എന്ന ഉപനിഷത് വാക്യത്തെ അടിസ്ഥാനമാക്കിയാണ്. ഹിന്ദുമതത്തിന്റെ മഹത്വത്തെക്കുറിച്ച് ഗുരുവിന്റെ മുഖ്യശിഷ്യനായിരുന്ന കുമാരനാശാനും പരാമർശിച്ചിട്ടുണ്ട്. ചരിത്രത്തെ എത്ര വക്രീകരിക്കാൻ ശ്രമിച്ചാലും ഇതൊന്നും മറയ്ക്കാനാവില്ല അധിനിവേശക്കാരുടെ മതചിന്തകളല്ല ഗുരുദേവനെ സ്വാധീനിച്ചത്, മറിച്ച് ഭാരതീയമായ വേദങ്ങളും ഉപനിഷത്തുക്കളുമാണ് . ''വിദ്യകൊണ്ട് പ്രബുദ്ധരാവണം'' എന്ന് സമൂഹത്തെ ഉദ്ബോധിപ്പിക്കാൻ ഗുരുവിന് ഒരു വിദേശമതത്തിന്റെയും സ്വാധീനം ആവശ്യമുണ്ടായിരുന്നില്ല. പൗരാണികഭാരതം വിദ്യാഭ്യാസത്തിന് അത്രയേറെ പ്രാധാന്യം നൽകിയിരുന്നു എന്ന് പ്രശ്നോപനിഷത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്.
ജനാധിപത്യവിരുദ്ധ പ്രവണതകളും മതരാഷ്ട്രവാദവും ഭേദിച്ച് വിശ്വശാന്തിക്ക് ഉതകുന്ന വിധത്തിൽ ശ്രീനാരായണ ധർമത്തെ പ്രചരിപ്പിക്കാനാവണം .''സോദരത്വേന വാഴണമെന്ന ഗുരുദേവ ദർശനം'' പിന്തുടരണമെന്ന് പ്രഖ്യാപിക്കുന്നവർക്ക് അപരമതദ്വേഷം പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനാവില്ല . തന്റേതല്ലാത്ത വിശ്വാസം പിന്തുടരുന്നവരുടെ തലവെട്ടുന്ന ശൈലി ഗുരുദർശനമല്ല . ഗുരുവിന്റെ പാത പിന്തുടരുന്നവർ ഒരു മതത്തെ പ്രീണിപ്പിക്കുകയും മറ്റ് മത വിശ്വാസങ്ങളെ ചവിട്ടി താഴ്ത്തുകയും ചെയ്യില്ല . വിനായകാഷ്ടകം എഴുതിയ ശ്രീനാരായണഗുരു തെളിച്ച പാതയിലൂടെ പോകുന്നവർക്ക് '' ഗണപതി മിത്താണ്" എന്ന് പഠിപ്പിക്കാനാവില്ല - മുരളീധരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |