മാർക്കോയുടെ മികച്ച വിജയത്തിനുശേഷം ക്യൂബ്‌സ് എന്റർടെയ്‌ൻമെന്റ് ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. സംവിധായകൻ ആരെന്ന് അറിവായിട്ടില്ല. അസർബെയ്‌ജാനിൽ മഹേഷ് നാരായണന്റെ ചിത്രത്തിന്റെ ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി കൊച്ചിയിൽ മടങ്ങി എത്തിയതിനാൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം, മഹേഷ് നാരായണൻ ചിത്രത്തിന് 150 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. അതേസമയം ആക്‌ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി- ഷെരീഫ് മുഹമ്മദ് ചിത്രം ക്യൂബ്‌സ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന രണ്ടാമത്തെ സിനിമയാണ്. അതേസമയം ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന ആക്‌ഷൻ ത്രില്ലർ ചിത്രമായ മാർക്കോ ബോളിവുഡിലും തരംഗമായി മാറുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോൾ ആഗോള തലത്തിൽ 73 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ നേടിയത്. ഉത്തരേന്ത്യയിൽ ഏറ്റവും വരുമാനം നേടിയ മലയാള ചിത്രമായും മാർക്കോ മാറി. കേരളത്തിൽ നിന്നു മാത്രം 34 കോടി പിന്നിട്ടു. വരും ദിവസങ്ങളിൽ 100 കോടി കടക്കുമെന്നാണ് സൂചന. ഇന്ത്യൻ സിനിമയിൽ ഈ വർഷം എത്തിയ ആക്ഷൻ ചിത്രങ്ങളിലൊന്നായ കിലിലിന്റെ ലൈഫ് ടൈം കളക്‌ഷൻ 47 കോടി രൂപയായിരുന്നു. ഇതാണ് വെറും അഞ്ചുദിവസം കൊണ്ട് മാർക്കോ മറികടന്നത്. തെലുങ്ക് പതിപ്പ് ഇന്നും തമിഴ് പതിപ്പ് മൂന്നിനും റിലീസ് ചെയ്യും. മാർക്കോയിലെ ആക്‌ഷൻ - വയലൻസ് രംഗങ്ങൾ ദേശീയ തലത്തിൽ തന്നെ ചർച്ചവിഷയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |