തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 316, 318 വകുപ്പുകൾ, ഐടി ആക്ട് 79 തുടങ്ങിയ വകുപ്പുകൾ ചേർത്തിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
'കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ആത്മകഥയിലെ കുറച്ച് ഭാഗങ്ങൾ ചോർന്നത് ഡിസി ബുക്കിൽ നിന്ന് തന്നെയെന്ന് പറയുന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡിസിയിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാർ ആത്മകഥ ചോർത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പക്ഷേ ഇപിയുടെ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ആത്മകഥാ വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇപി ജയരാജന്റെ വാദം. പക്ഷെ വിശ്വാസവഞ്ചനയോ ഗൂഢാലോചനയോ അന്വേഷിക്കണമെങ്കിൽ ഇപി വീണ്ടും പരാതി നൽകണമെന്നാണ് കോട്ടയം എസ്‌പിയുടെ റിപ്പോർട്ട്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപിക്ക് കോടതിയേയും സമീപിക്കാമെന്ന് എസ്‌പി റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്നും, തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ഇപിയുടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റിൽ അറിയിച്ചശേഷമാണ് സാന്റിയാഗോ മാർട്ടിൻ അടക്കമുള്ളവരിൽ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാൽ വിഎസ് അച്യുതാനന്ദൻ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തി ഇ.പി അറിയിക്കുന്നു. ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നും പുസ്തകത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |