ചെന്നൈ: അണ്ണാ സർവകലാശാലയിലെ മാനഭംഗ കേസിൽ ചെന്നൈ പൊലീസിന്റെ വാദം പിന്തുണച്ച് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻ.ഐ.സി). ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ എഫ്.ഐ.ആർ ചോർന്നതിന് കാരണം സാങ്കേതിക തകരാറാകാമെന്ന് എൻ.ഐ.സി അറിയിച്ചു. മാനഭംഗം അടക്കമുള്ള കേസുകളിലെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകാത്ത നിലയിലാണ് സാധാരണ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് സിസ്റ്റത്തിൽ (സി.സി.ടി.എൻ.എസ്) അപ്‌ലോഡ് ചെയ്യാറുള്ളത്. ഇന്ത്യൻ പീനൽ കോഡിൽ (ഐ.പി.സി) നിന്ന് ഭാരതീയ ന്യായ സംഹിതയിലേക്കുള്ള മാറ്റത്തിന്റെ ഫലമായി വന്ന സാങ്കേതിക തകരാറാകാം ചോർച്ചയ്ക്ക് കാരണമെന്ന് എൻ.ഐ.സി വിശദീകരിക്കുന്നു. എഫ്.ഐ.ആർ ചോർച്ച എസ്.ഐ.ടി പ്രത്യേകമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പൊലീസിന് ആശ്വാസമാകുന്ന നിലപാടാണ് എൻ.ഐ.സിയുടേത്.
ഡിസംബർ 23ന് ക്യാമ്പസിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം രാത്രി എട്ടോടെയാണ് വിദ്യാർത്ഥിനി മാനഭംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് ഓടിച്ച ശേഷം ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സർവകലാശാലക്ക് സമീപം ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്
പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മൂന്ന് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുൾപ്പെട്ട സംഘമാണ് അന്വേഷിക്കുക. പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. എഫ്.ഐ.ആർ വിവരങ്ങൾ ചോർന്നതിൽ ചെന്നൈ പൊലീസിനെ രൂക്ഷമായി വിമർശിച്ച കോടതി ഇതിൽ പ്രത്യേക അന്വേഷണം വേണമെന്നും വ്യക്തമാക്കി. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, വി.ലക്ഷ്മി നാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. പെൺകുട്ടിയുടെ പഠനത്തെ ബാധിക്കരുത്. സർവകലാശാല സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം. വാർത്താസമ്മേളനം നടത്തി അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് ചെന്നൈ പോലീസ് കമ്മിഷണർക്കെതിരെ സർക്കാരിന് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു. പൊലീസ് പക്ഷപാതപരമായ അന്വേഷണമാണ് നടത്തുന്നതെന്നും അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും ആരോപിച്ച് ഒരു അഭിഭാഷക സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |