തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവർഷത്തിനുള്ളിൽ മാലിന്യകൂനകൾ ഇല്ലാതാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24 കേന്ദ്രങ്ങൾ വൃത്തിയാക്കി. 3.57 ലക്ഷം ടൺ മാലിന്യം നീക്കി. 10 സ്ഥലത്ത് പ്രവർത്തനം പുരോഗമിക്കുന്നു. 25 കേന്ദ്രങ്ങളിൽ ഉടനാരംഭിക്കും.
മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ അടുത്തഘട്ടത്തിന് തുടക്കം കുറിച്ചുള്ള വലിച്ചെറിയൽ വിരുദ്ധ വാരാചരണം ഇന്ന് തുടങ്ങും. ക്യാമറാ നിരീക്ഷണം ശക്തമാക്കിയും മാലിന്യമിടാൻ ബിന്നുകൾ വ്യാപകമായി സ്ഥാപിച്ചും വലിച്ചെറിയൽ സംസ്‌കാരം പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്‌കരിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കും. നിയമലംഘകർക്കെതിരെ തദ്ദേശവകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടി ശക്തമാക്കും. ജാഥകൾ, സമ്മേളനങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ പൊതു പരിപാടികളുടെ ഭാഗമായുള്ള കൊടിതോരണം, നോട്ടീസ്, വെള്ളക്കുപ്പി, ഭക്ഷണാവശിഷ്ടം ഉൾപ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കാൻ നടപടിയെടുക്കും. മാലിന്യമുക്തമായ ആയൽക്കൂട്ടങ്ങൾ ഉറപ്പാക്കുന്നതിനുള്ള ശ്രമം കുടുംബശ്രീയും നടത്തും. ഇതു സംബന്ധിച്ച് വീടുകൾ കേന്ദ്രീകരിച്ച് ഗാർഹിക ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ എണ്ണം, നിലവിലെ സ്ഥിതി എന്നിവ മനസിലാക്കുന്നതിനായി സർവേയും ഭവന സന്ദർശനവും ആറു മുതൽ 12വരെ നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ പൊതു ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സർവേ 15നകം പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |