ശിവഗിരി:ശ്രീനാരായണ ഗുരു നിർദ്ദേശിച്ച അഷ്‌ടലക്ഷ്യങ്ങളിൽ അറിവും ഗുരുകൃപയിൽ ആത്മവിശുദ്ധിയും പകർന്ന് മൂന്നുനാൾ ശിവഗിരിക്കുന്നിനെ പ്രാർത്ഥനാലയമാക്കിയ 92-ാമത് ശിവഗിരി തീർത്ഥാടനം ഗുരുഭക്തർക്ക് ആനന്ദമായി .പുതുവർഷപ്പുലരിയുടെ പ്രതീക്ഷകളുമായി തീർത്ഥാടകർ മടങ്ങിത്തുടങ്ങി . ജനുവരി 5 ന് തീർത്ഥാടനകാലം സമാപിക്കും.
ഗുരുവിന്റെ കരുണാകടാക്ഷം ഏറ്റുവാങ്ങാനായി ഭക്തജനങ്ങൾ ശിവഗിരിക്കുന്നിലേക്ക് മൂന്നു ദിവസവും ഒഴുകുകയായിരുന്നു. മഹാസമാധിയിൽ വണങ്ങി ശാരദാദേവി സന്നിധിയിൽ പ്രണമിച്ച് അണമുറിയാതെ പ്രവഹിച്ച ഭക്തജനങ്ങൾ അടുത്തവർഷം തീർത്ഥാടനത്തിനെത്താമെന്ന പ്രതീക്ഷയോടെയാണ് മടങ്ങിയത്. ശാരദാദേവിയുടെ സന്നിധിയിൽ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കാനും ചോറൂണിനും നിരവധി പേർ എത്തിയിരുന്നു.
തീർത്ഥാടനം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പേ വിവിധ ജില്ലകളിൽ നിന്നും തീർത്ഥാടക സംഘങ്ങൾ എത്തിക്കൊണ്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും നിന്നെത്തിയ ഗുരുഭക്തർ സ്വയമർപ്പിച്ച് കർമ്മനിരതരായി. നിരവധി പദയാത്രകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നും ശിവഗിരിയിലേക്ക് ഒഴുകിയെത്തിയത്. തീർത്ഥാടനക്കമ്മിറ്റി ഭാരവാഹികളുടെയും വിവിധ സബ് കമ്മിറ്റികളുടെയും കൂട്ടായ്‌മയാണ് സമ്മേളനങ്ങൾ വൻവിജയമാക്കിയത്.തീർത്ഥാടന പ്രവർത്തങ്ങൾക്ക് മാർഗനിർദ്ദേശം നൽകി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി തുടങ്ങിയവരുണ്ടായിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരുന്നു തീർത്ഥാടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |