തിരുവനന്തപുരം: വനംവകുപ്പ് നടത്തിയ തീവ്രയജ്ഞത്തിൽ സൗരോർജ്ജ വേലികൾ സ്ഥാപിച്ചത് 800 കിലോമീറ്റർ. പൊതുജന പങ്കാളിത്തത്തോടെ വനാതിർത്തിയിലുള്ള 1,400 കിലോമീറ്ററിലെ സൗരോജ്ജവേലി പുനഃസ്ഥാപിക്കാനാണ് തീവ്രയജ്ഞം തുടങ്ങിയത്. ഇതിൽ തകരാറിലായിരുന്ന 400 കിലോമീറ്ററിലേത് അടക്കം 800 കിലോമീറ്റർ ഇതുവരെ പൂർത്തിയാക്കി. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും.
കാട്ടാന അടക്കമുള്ള വന്യജീവികൾ ജനവാസമേഖലയിലിറങ്ങുന്നത് തടയുന്നതിനാണ് മിഷൻ ഫെൻസിംഗ് എന്ന തീവ്രയജ്ഞം നടപ്പാക്കുന്നത്. ജനവാസ മേഖലകളുമായി ചേർന്നുകിടക്കുന്ന വനപ്രദേശങ്ങളിലും വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റിലുമായി 2200 കിലോമീറ്റർ ദൂരത്തിലാണ് വേലികൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 850 കിലോമീറ്ററിലുള്ള വൈദ്യുതി വേലികളും ബാറ്ററി കേടായും ആന വലിച്ചുപൊട്ടിച്ചും മരംമറിച്ചിട്ട് നശിപ്പിച്ചും തകരാറിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇവ പുനഃസ്ഥാപിക്കുന്നതിനൊപ്പം വന്യജീവി സംഘർഷ മേഖലയായി കണ്ടെത്തിയ ഭാഗങ്ങളിൽ പുതുതായി സോളാർ പാനൽ സ്ഥാപിക്കുന്നതിനാണ് പദ്ധതി.
ഇതിനായി നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 100കോടി അനുവദിച്ചു. ബഡ്ജറ്റ് വിഹിതമായി 22 കോടിയും വകയിരുത്തിയിട്ടുണ്ട്. സൗരോജ്ജ വേലികൾ സ്ഥാപിക്കുന്നതിനൊപ്പം കിടങ്ങുകൾ കുഴിക്കുന്നതും വനത്തിനുള്ളിലെ കുളങ്ങൾ നവീകരിക്കുന്നതും പച്ചപ്പുല്ലുകൾ വച്ചുപിടിപ്പിക്കുന്നതുമായ നടപടികൾ പുരോഗമിക്കുന്നതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.
273 വന്യജീവി സംഘർഷ മേഖലകൾ
30 പഞ്ചായത്തുകളിൽ അതിതീവ്ര മേഖലകൾ
സൗരോർജ്ജ വേലികൾ സ്ഥാപിച്ചത് 2200കിലോമീറ്റർ
ആകെ വനാതിർത്തി 11,554.74കിലോമീറ്റർ
ബാക്കിയുള്ളത് 9,341.83കിലോമീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |