ന്യൂഡൽഹി: പഞ്ചാബ്- ഹരിയാന അതിർത്തിയായ ഖനൗരിയിൽ അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെ (70) ആശുപത്രിയിലേക്ക് മാറ്റാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഡിസംബർ 20ലെ ഉത്തരവ് നടപ്പാക്കാത്തതിൽ പഞ്ചാബ് സർക്കാരിനെ വിമർശിച്ചു. ജസ്റ്രിസുമാരായ സൂര്യകാന്തും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ച് ഉത്തരവ് നടപ്പാക്കാൻ നാലുദിവസം കൂടി അനുവദിച്ചു.
കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് തയ്യാറായാൽ മാത്രമേ മെഡിക്കൽ സഹായം സ്വീകരിക്കുകയുള്ളുവെന്ന കടുത്ത നിലപാടിലാണ് ദല്ലേവാളെന്ന് പഞ്ചാബ് സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിംഗ് അറിയിച്ചു. എന്നാൽ, മന്ത്രിമാരോ ഉദ്യോഗസ്ഥരോ അദ്ദേഹത്തെ അനുനയിപ്പിക്കാൻ അങ്ങോട്ട് പോയില്ലല്ലോയെന്ന് കോടതി ചോദിച്ചു. അനുരഞ്ജനം വേണ്ടെന്ന നിലപാടാണ്. അതാണ് പ്രധാന പ്രശ്‌നമെന്നും വ്യക്തമാക്കിയ കോടതി കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് എന്തുകൊണ്ട് പറ്റുന്നില്ലെന്നും ചോദിച്ചു.
വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നവംബർ 26നാണ് ദല്ലേവാൾ നിരാഹാരം തുടങ്ങിയത്. അതേസമയം, ഡൽഹിയിൽ കർഷകർക്കായുള്ള കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷിമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി അതിഷിക്ക് കത്തയച്ചു.
ആശുപത്രിയിലും
സമരം തുടരാം
ആശുപത്രിയിൽ ചികിത്സ തേടുമ്പോഴും ദല്ലേവാളിന് നിരാഹാര സമരം തുടരാവുന്നതാണെന്ന് സുപ്രീംകോടതി. കർഷക നേതാവിന്റെ ആരോഗ്യകാര്യത്തിലാണ് ആശങ്ക
നിരാഹാരം അവസാനിപ്പിക്കാൻ കോടതി ശ്രമിക്കുന്നുവെന്ന മട്ടിലുള്ള മാദ്ധ്യമ റിപ്പോർട്ടുകൾ ശരിയല്ല. അത്തരമൊന്ന് മാദ്ധ്യമങ്ങളിലൂടെ സൃഷ്‌ടിക്കാൻ പഞ്ചാബ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. ഇത് ബോധപൂർവമാണ്
കർഷക നേതാക്കളെന്ന് പറയുന്നവർ പ്രശ്‌നം സങ്കീർണമാക്കാൻ നിരുത്തരവാദപരമായ പ്രസ്‌താവനകൾ നടത്തുന്നു
''സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തണം. നിരാഹാര സമരം നടത്തുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ബി.ജെ.പിക്കാണ് ഉത്തരവാദിത്വം
-അരവിന്ദ് കേജ്‌രിവാൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |