ന്യൂയോർക്ക് : തടികുറയ്ക്കണമെന്ന് തോന്നിയാൽ സ്ത്രീകൾ ആദ്യംചെയ്യുന്നത് ഉച്ചഭക്ഷണം ഒഴിവാക്കുകയാണ്. എന്നാലറിയുക, ഇത്തരക്കാരിൽ തടികുറയുന്നതിനുപകരം മാനസിക സമ്മർദം കൂടുമെന്നാണ് ഗവേഷകർ പറയുന്നത്. ന്യൂട്രീഷണൽ ന്യൂറോസയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ന്യൂയോർക്കിലെ ബിങ്ഹാംടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ഇതിനുള്ള കാരണങ്ങളും അതിൽ അക്കമിട്ട് പറയുന്നുണ്ട്. സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് പോഷകഗുണമുള്ള ആഹാരം കൂടുതലായി ആവശ്യമാണ്. അവരുടെ ശാരീരികാവശ്യത്തിനൊപ്പം മാനസികാരോഗ്യകത്തിനും ഇത് അത്യാവശ്യമാണ്. ആവശ്യത്തിന് പോഷകാഹാരം ലഭിക്കാതാകുന്നതോടെ സ്ത്രീകളിൽ മാനസിക ക്ലേശം, പിരിമുറുക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 563 പേരിലാണ് പഠനം നടത്തിയത്. ഉച്ചഭക്ഷണം ഒഴിവാക്കുമ്പോഴാണ് പോഷകത്തിന്റെ കുറവ് കൂടുതലായി ഉണ്ടാവുക. പട്ടിണി കിടക്കുന്നതുകൊണ്ട് തടികുറയുന്നില്ലെന്ന് വളരെ മുമ്പുതന്നെ ആരോഗ്യരംഗത്തെ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാർ അമിതവണ്ണത്തിന്റെ പിടിയിൽ പെടുന്നതിനൊപ്പം പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങൾക്കും അടിമയാകുന്നു. ആഹാരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം ചിട്ടയായ വ്യായാമങ്ങളും കൂടിയാകുമ്പോഴേ തടിയും ശരീരഭാരവും വിചാരിക്കുന്ന രീതിയിൽ കുറയൂ എന്നാണ് ഗവേഷകർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |