
കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നിലവിലിരുന്ന അതേരൂപത്തിൽനിന്നും കാര്യമായ മാറ്റമില്ലാത്ത പല ജീവജാലങ്ങളും ഇന്നും നമ്മുടെ ഭൂമിയിലുണ്ട്. സീലാകാന്ത് മത്സ്യങ്ങൾ, കംഗാരുക്കൾ, ഹോഴ്‌സ്‌ഷൂ ക്രാബുകൾ എന്നിങ്ങനെ ഇന്നുകാണുന്ന ജീവികൾ അത്തരത്തിൽപെട്ടവയാണ്. ഇവയെ ജീവിക്കുന്ന ഫോസിലുകൾ എന്ന് വിളിക്കാറുണ്ട്. ഇത്തരത്തിൽ പൂർവികജീവികളുടെ ഫോസിലുകൾക്ക് തുല്യമായി ഇന്നും രൂപമുള്ള ഒരു ജീവിയെക്കുറിച്ച് ഗവേഷകർ കണ്ടെത്തിയത് കൗതുകകരമായ കാര്യങ്ങളാണ്. മുന്നൂറ് വർഷങ്ങൾക്ക് മുൻപ് ഭൂമിയിലെ അവയുടെ പൂർവികരുടെ രൂപത്തിൽ നിന്നും കാര്യമായ മാറ്റമൊന്നുമുണ്ടാകാത്ത ജീവിയാണ് ഹോഴ്‌സ്‌ഷൂ ക്രാബുകൾ.
കടൽജീവികളുടെ കൂട്ടമായ വംശനാശം ഉണ്ടായ ഗ്രേറ്റ് ഡൈയിംഗ് കാലഘട്ടം, ലേറ്റ് ഡെവോണിയൻ വംശനാശം എന്നിങ്ങനെയുള്ളവ മറികടന്നുവന്ന ഹോഴ്‌സ്‌ഷൂ ക്രാബുകൾ എന്ന ജലജീവികൾ ഇന്നും നിലനിൽക്കുന്നു എന്ന് മാത്രമല്ല ശാസ്‌ത്ര ഗവേഷണ മേഖലയിൽ വലിയ സഹായവും ചെയ്യുന്നുണ്ട്. മനുഷ്യരാശിക്ക് ഇന്നും ഗുണം ചെയ്യുന്ന ജീവിയാണ് ഹോഴ്‌സ്‌ഷൂ ക്രാബ്. പേരിൽ ക്രാബ് ഉണ്ടെങ്കിലും ഇവ ഞണ്ടിന്റെ വംശത്തിൽ പെട്ട ജീവികളല്ല. കട്ടിയേറിയ പുറംതോടും നീണ്ട വാലുമാണ് ഇവയ്‌ക്കുള്ളത്. 310 മില്യൺ വർഷങ്ങൾ പഴക്കമുള്ള ഫോസിലുകളിലേത് പോലും ഇന്നത്തെ അതേ തലച്ചോർ ഘടനയാണുള്ളത്. ഹോഴ്‌സ്‌ഷൂ ക്രാബുകളുടെ പരിണാമം അവസാനിച്ചിട്ടില്ല. എന്നാൽ പരിണാമചക്രത്തിൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യം അവയ്‌ക്ക് ഇല്ലാതെവന്നു.
വളരെ വിചിത്രമായ ശരീരമാണ് ഹോഴ്‌സ്‌ഷൂ ക്രാബിന്റേത്. നമുക്കുള്ളതുപോലെ ചുവന്ന രക്തമല്ല ഇവയുടെത്. നീല നിറമാണ്. ഇവയുടെ രക്തത്തിൽ ചെമ്പിന്റെ അംശം കൂടുതലായതിനാലാണിത്. ഈ രക്തത്തിനുള്ളിൽ അമേബോസൈറ്റുകൾ എന്ന കോശങ്ങളുണ്ട്. ഇവ ബാക്‌ടീരിയൽ ടോക്‌സിനുകളോട് വ്യത്യസ്‌തമായി പ്രതികരിക്കുന്നവയാണ്. ബാക്ടീരിയയുടെ കോശത്തിനുള്ളിൽ കാണുന്ന വിഷവസ്‌തുവായ എൻഡോടോക്‌സിനുകളോട് ശക്തമായി ഇവ പ്രതികരിക്കും. ഇവയുടെ ചുറ്റും ഹോഴ്‌സ്‌ഷൂ ക്രാബിന്റെ രക്തം കട്ടിയാകും. ഇതൊരു രോഗപ്രതിരോധ രീതിയാണ്, എന്നാൽ ശാസ്‌ത്രത്തിൽ ഇതിന് വലിയ പ്രായോഗിക മൂല്യമുണ്ട്.
ലിമുലസ് അമേബോസൈറ്റ് ലൈസേറ്റ് (എൽഎഎൽ) എന്ന പരീക്ഷണം വഴിയാണ് ജന്തുശാസ്‌ത്രജ്ഞർ ഇക്കാര്യം സ്ഥിരീകരിച്ചത്. ലൈസേറ്റ് ചേർത്ത സാമ്പിളിലായിരുന്നു പരീക്ഷണം. ഇതിൽ എൻഡോടോക്‌സിനുണ്ടെങ്കിൽ ലൈസേറ്റ് രക്തം കട്ടപിടിപ്പിച്ച് പ്രതികരിക്കും. ഇതുവഴി വാക്‌സിനുകൾ, കുത്തിവയ്‌ക്കേണ്ട മരുന്നുകൾ, ശരീരത്തിൽ ഘടിപ്പിക്കേണ്ട ഉപകരണങ്ങൾ എന്നിവയുടെ ഗുണനിലവാരം പരീക്ഷിക്കാം.

2017ൽ പുറത്തുവന്ന ഒരു പഠനമനുസരിച്ച് പരീക്ഷണത്തിൽ മറ്റൊരു ജീവിയുടെ രക്തവും ഇത്ര പെട്ടെന്ന് വ്യക്തമായൊരു ഫലം തരുന്നില്ല എന്ന് കണ്ടെത്തി. വർഷം തോറും ലക്ഷക്കണക്കിന് പരീക്ഷണങ്ങൾ നടത്തിയാണ് ഒരു മരുന്ന് പുറത്തിറക്കുന്നത്. ഇതിന് സഹായകമാണ് ഹോഴ്‌സ്‌ഷൂ ക്രാബിന്റെ നീല രക്തം.
ഒരു ജീവിയുടെ പരിണാമം എന്നത് അത് ജീവിക്കുന്ന ചുറ്റുപാടുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് വേണ്ടിയാണ്. മണലും ചെളിയും നിറഞ്ഞ സമുദ്രാന്തർഭാഗവും കണ്ടൽകാടുകളുമാണ് ഈ ജീവിയുടെ വാസസ്ഥലം. തേളുകൾ, ചിലന്തി, മൂട്ട പോലുള്ള പ്രാണികൾ എന്നിവയുടെ വംശത്തിൽപെട്ടവയാണ് ഹോഴ്‌സ്‌ഷൂ ക്രാബുകൾ. ഭക്ഷണം തേടാൻ സഹായത്തിനും വേട്ടയാടുന്നവരിൽ നിന്നും രക്ഷപ്പെടുന്നതിനും വേണ്ടിയാണ് ഇവയുടെ ഇതുവരെയുള്ള മാറ്റങ്ങൾ. കോടിക്കണക്കിന് വർഷങ്ങളായി ഈ ജീവികൾ ഇത്തരത്തിൽ നിലനിൽക്കുകയും ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |