ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ പി.ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച അപേക്ഷയിൽ സി.ബി.ഐ കോടതിയിൽ വാദം പൂർത്തിയായി. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തതെന്ന് സി.ബി.ഐ കോടതിയിൽ വാദിച്ചു. ചിദംബരം അധികാര ദുർവിനിയോഗം നടത്തുകയാണ്. അന്വേഷണത്തോട് സഹകരിക്കുന്നില്ല. കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. ചിദംബരത്തിനു വേണ്ടി കപിൽ സിബലും അഭിഷേക് മനു സിംഗ്‌വിയും വാദിച്ചു. ഇതേ കേസിൽ രണ്ടു പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിന്റെ കരട് തയ്യാറായെങ്കിൽ കസ്റ്റഡിയിൽ വയ്ക്കുന്നതെന്തിനെന്നും സിബൽ ചോദിച്ചു,
പി. ചിദംബരവും കോടതിയിൽ വാദിച്ചു. സി.ബി.ഐ ഇന്നു ചോദിച്ച 12 ചോദ്യങ്ങളിൽ ആറ് എണ്ണവും കഴിഞ്ഞ ഓഗസ്റ്റിൽ തന്നോടു ചോദിച്ചതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സി.ബി.ഐയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. തനിക്ക് വിദേശ അക്കൗണ്ടില്ല, മകന് വിദേശ അക്കൗണ്ടുണ്ട്. പ്രസക്തമായ ഒരു ചോദ്യവും സി.ബി.ഐ ചോദിച്ചില്ലെന്നും ചിദംബരം പറഞ്ഞു. കോടതിയിൽ തന്റെ ഭാഗം പറയാൻ അനുവദിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടപ്പോൾ സോളിസിറ്റർ ജനറൽ എതിർത്തു. ഭാര്യ നളിനി ചിദംബരവും മകൻ കാർത്തി ചിദംബരവും കോടതിയിലെത്തിയിരുന്നു. ചിദംബരം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചില്ല.
ചിദംബരം ചോദ്യംചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് സി.ബി.ഐ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ 2018 ജൂൺആറിന് ചോദ്യംചെയ്യലിന് ഹാജരായപ്പോള്‍ സിബിഐ ഉദ്യോഗസ്ഥർ ചോദിച്ച ഒരു ചോദ്യത്തിനുപോലും താൻ ഉത്തരം നല്‍കാതിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. കേസ് ഡയറി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |