കൊച്ചി: 15 കിലോമീറ്ററിലേറെ സൈക്കിൾയാത്ര, 10 കിലോമീറ്റർ നടത്തം, അരമണിക്കൂർ യോഗ, പിന്നെ എഴുത്ത്, വായന, പ്രസംഗം, നാടകം- അങ്ങനെ 79ലും കുമ്പളം രാജപ്പൻ ജീവിതം ആഘോഷിക്കുകയാണ്. ഉച്ചയുറക്കമില്ല. ആ സമയം പത്രമോ പുസ്‌തകമോ വായിക്കും. അല്ലെങ്കിൽ തൂമ്പയുമായി പറമ്പിലേക്കിറങ്ങും.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ സെക്രട്ടറിയായ രാജപ്പൻ സി.പി.ഐ ജില്ലാ അസി. സെക്രട്ടറിയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കും, പ്രസംഗിക്കും. 20 സംസ്ഥാനങ്ങളിൽ യാത്ര ചെയ്‌തിട്ടുണ്ട്. 'മോഹങ്ങൾ", 'വിൽക്കപ്പെടുന്ന മനുഷ്യൻ" എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ മലയാളി നഴ്‌സിന്റെ കൊവിഡ്കാല അനുഭവങ്ങളെക്കുറിച്ചുള്ള 'അവൾ തിരികെ പോരുന്നു" എന്ന നോവൽ അടുത്തമാസമിറങ്ങും
അമച്വർ നാടകങ്ങൾ എഴുതുകയും ഗാനങ്ങൾ രചിക്കുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. പത്താം ക്ലാസിനുശേഷം ഹിന്ദി രാഷ്ട്രഭാഷ കോഴ്‌സും സംസ്‌കൃത അദ്ധ്യാപക പരീക്ഷയും പാസായി. തുടർന്നാണ് ട്രേഡ് യൂണിയനിൽ സജീവമായത്. വിജയമ്മയാണ് (റിട്ട. ആരോഗ്യവകുപ്പ്) ഭാര്യ. മക്കൾ: നിബാഷ (സാമൂഹിക നീതിവകുപ്പ്), നിരാല (ഹൈക്കോടതി ഉദ്യോഗസ്ഥ), നിഷാജ് (മറൈൻ എൻജിനിയർ), നിധീഷ് (കെ.എസ്.എഫ്.ഇ).
എവിടെയുമെത്തും സൈക്കളിൽ
പുലർച്ചെ 4.30ന് എഴുന്നേൽക്കും. അഞ്ചു മണിക്ക് നടക്കാനിറങ്ങും. കുമ്പളം, പനങ്ങാട്, നെട്ടൂർ എന്നിവിടങ്ങളിലൂടെ നടന്ന് ആറരയോടെ മടങ്ങിയെത്തും. പിന്നെ അരമണിക്കൂർ യോഗ. തുടർന്നാണ് പത്രവായന. വീട്ടിലെ പത്രത്തിനു പുറമേ മറ്റുള്ളവ വായിക്കാൻ അയൽവീടുകളിലുമെത്തും. പ്രഭാതഭക്ഷണം കഴിഞ്ഞാൽ സൈക്കിളിൽ പൊതുകാര്യങ്ങൾക്കുള്ള യാത്ര. കല്ല്യാണമടക്കമുള്ള വിശേഷങ്ങൾക്കെല്ലാം പോകുന്നത് സൈക്കിളിലാണ്. അല്പം ചോറും ധാരാളം പച്ചക്കറികളുമാണ് ശീലം. ചപ്പാത്തിയും മാംസ വിഭവങ്ങളും കഴിക്കില്ല. ചെറുമത്സ്യവും കക്കയിറച്ചിയും കഴിക്കുമെങ്കിലും നിർബന്ധമില്ല. ദുഃശീലങ്ങളും ഇല്ല.
'ഭയം, പിരിമുറുക്കം, ദേഷ്യം എന്നിവ ഇല്ലാതാക്കുന്നതിൽ വ്യായാമത്തിനാകും. ദിവസവും അഞ്ച് പത്രങ്ങളും ആഴ്‌ചയിൽ രണ്ടു പുസ്‌തകവും വായിക്കണം. വായനയിലൂടെ ലോകത്തെ അടുത്തറിയാം".
- കുമ്പളം രാജപ്പൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |