കൊച്ചി: മെഗാ നൃത്തപരിപാടിക്കായി കെട്ടിയ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ, പൊലീസ് ജി.സി.ഡി.എ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്ത സൈറ്റ് എൻജിനിയർ എസ്.എസ്. ഉഷ, സ്റ്റേഡിയത്തിന്റെ ചുമതലവഹിക്കുന്ന അസി.എൻജിനീയർ വർഗീസ് എന്നിവരുടെ മൊഴികളാണ് ഇന്നോ നാളെയോ എടുക്കുക. കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജ് നിർമ്മിച്ചതിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണിത്.
വയനാട് കേന്ദ്രമായ മൃദംഗവിഷൻ ഇവിടെ സംഘടിപ്പിച്ച മൃദംഗനാദം മെഗാ നൃത്തസന്ധ്യയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് പൊലീസ് വിവരം തേടും. സംഘാടകർ ഗിന്നസുമായി ഒപ്പിട്ട കരാർ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് പൊലീസ് കത്തയയ്‌ക്കും. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നീക്കം. മൃദംഗവിഷന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് വർഷം മുമ്പാണ് മൃദംഗ വിഷൻ എന്നപേരിൽ മാഗസിൻ തുടങ്ങുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്.
900 രൂപ തലവരി
ഒരു നർത്തകിയെ എത്തിക്കുന്നതിന് 900 രൂപ വീതം നൃത്താദ്ധ്യാപകർക്ക് തലവരിപ്പണം നൽകിയെന്ന് മൃദംഗവിഷൻ മേധാവി നിഘോഷിന്റെ മൊഴി. 2,900 രൂപയാണ് ഓരോരുത്തരിൽ നിന്നും ഈടാക്കിയത്. കോടികൾ പിരിഞ്ഞിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മൃദംഗ വിഷന്റെ അക്കൗണ്ടിൽ ശേഷിച്ചിരുന്നത് 38 ലക്ഷം രൂപയായിരുന്നു. പണം മാറ്റിയതും അന്വേഷണ പരിധിയിലാണ്.
ഉമ തോമസിനെ മുറിയിലേക്ക്
മാറ്റിയേക്കും;നില മെച്ചപ്പെട്ടു
പാലാരിവട്ടം റിനൈ മെഡ്സിറ്റിയിൽ കഴിയുന്ന ഉമ തോമസ് അതിവേഗം ആരോഗ്യം വീണ്ടെടുക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റും. ശ്വാസകോശത്തിലെ നീർക്കെട്ട് കുറയുന്നുണ്ട്. ഇന്നലെ 15 മിനിറ്റോളം കട്ടിലിൽ ഇരുന്നു. ഉച്ചയ്ക്കും വൈകിട്ടും ഇതാവർത്തിച്ചു. വേദനകുറയാൻ ഏതാനും ദിവസങ്ങളെടുക്കും. അതിന് ശേഷമേ നിൽക്കാൻ സാധിക്കൂ. വാരിയെല്ലിലെ പൊട്ടൽ ഭേദമാകാൻ രണ്ട് ആഴ്ചകൂടിയെടുക്കും.
ഇന്നലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വനംമന്ത്രി എ.കെ.ശശീന്ദ്രൻ, ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള, സി.കെ.ആശ എം.എൽ.എ. എന്നിവർ ആശുപത്രിയിലെത്തി. നടി മഞ്ജു വാര്യർ എം.എൽ.എയുടെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. സെക്രട്ടറി ഷാലു വിൻസന്റുമായാണ് സംസാരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |