നിലമ്പൂർ: നിയമമൊന്നുമല്ല, പിണറായിയുടെ ഇഷ്ടം മാത്രമാണ് ഈ ഭരണത്തിൽ നടക്കുന്നതെന്ന് പി.വി. അൻവർ എം.എൽ.എ വിമർശിച്ചു. ഒരുപക്ഷേ തന്നെ ജയിലിട്ട് കൊല്ലുമായിരിക്കും. ജീവൻ ബാക്കിയായി പുറത്തിറങ്ങിയാൽ കാണിച്ചു കൊടുക്കാമെന്നും അൻവർ പറഞ്ഞു.
ആശങ്കയോ, ഭയമോ ഇല്ല. താൻ ഉന്നയിച്ച ജനകീയ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം ഉള്ളതായിരുന്നു വന്യജീവി ശല്യം. നിർദിഷ്ട വനം ഭേദഗതി ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ താൻ ഉയർത്തുന്ന പ്രതിഷേധം സർക്കാർ ഭയക്കുന്നുണ്ട്. ഒരുഗുണ്ടാ തലവനെ അറസ്റ്റ് ചെയ്തു പോകുന്ന തരത്തിൽ നാടകം ഉണ്ടാക്കുന്നു. എനിക്ക് നോട്ടീസ് തന്നാൽ മതി, ഞാൻ എവിടേക്കും ഓടി പോവുകയൊന്നുമില്ല. ഫൈറ്റ് ചെയ്യാൻ വേണ്ടി തന്നെയാണ് വന്നിട്ടുള്ളത്.
വൈകിട്ട് ആറരയ്ക്ക് കാട്ടാന ചവിട്ടികൊന്ന യുവാവിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയത് തൊട്ടടുത്തെ ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഇത്തരം നിരുത്തരവാദിത്വങ്ങൾക്ക് എതിരെയാണ് സമരം നടത്തിയത്. സ്വാഭാവികമായും ജനങ്ങൾക്ക് പ്രതിഷേധം ഉണ്ടാകും അവിടെ എത്തിയ ആളുകൾ ഓഫീസിൽ കയറി പ്രതിഷേധിച്ചിട്ടുണ്ട്. അതെല്ലാം ജനാധിപത്യത്തിൽ നടക്കുന്നതാണ്. അല്ലാതെ ആരും അവിടെ കൊലപാതകം ഒന്നും നടത്തിയിട്ടില്ല. കേരളത്തിലെ പൊലീസിന്റെ തെമ്മാടിത്തവും കൊള്ളയും കള്ളക്കടത്തും കൊലപാതകങ്ങളും ജനങ്ങളോട് വിളിച്ചുപറഞ്ഞതിനാണ് പിണറായി വിജയന്റെ ശത്രുവായത്. മലയോര മേഖലയിലെ ക്രൈസ്തവർക്ക് വേണ്ടിയാണ് ഇപ്പോൾ സമരം ചെയ്യുന്നത്. കർഷക സംഘടനങ്ങളുമായി ഒരുമിച്ചുള്ള തന്റെ നീക്കം ഇല്ലാതാക്കണം. അതിനു മാർഗ്ഗം അറസ്റ്റ് ചെയ്തു ജയിലിടുകയാണ്. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വന്നാൽ വിവരമറിയുമെന്ന് പിണറായിക്ക് അറിയാം. മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാൾ വലിയ ഭരണകൂട ഭീകരത കേരളത്തിൽ നടപ്പിലാക്കുന്നു. ജനപ്രതിനിധി എന്ന നിലയിൽ നിയമത്തിന് കീഴടങ്ങുകയാണ്. അല്ലെങ്കിൽ പിണറായിയുടെ അപ്പന്റെ അപ്പൻ വിചാരിച്ചാലും നടക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |