ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാസുരമായ ഭാവിയിൽ രാജ്യത്തെ ജനനേതാക്കളെല്ലാം ശുഭാപ്തിയുള്ളവരാണെങ്കിലും വോട്ടെടുപ്പിനോട് പുതുതലമുറ കാണിക്കുന്ന നിസംഗതയും വിമുഖതയും ആശങ്കാകുലമാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പുറത്തുവിട്ട, ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരങ്ങൾ ജനാധിപത്യ വിശ്വാസികളെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നതാണ്. വോട്ടിംഗ് പ്രായമെത്തിയ യുവതീയുവാക്കളിൽ എഴുപതു ശതമാനം പേരും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മുന്നോട്ടു വന്നിട്ടില്ലെന്നാണ് വിവരം. കേരളത്തിൽ പത്തുലക്ഷത്തോളം പേർ 18-നും 19-നും ഇടയ്ക്ക് പ്രായമുള്ളവരാണ്. 18 വയസു തികയുന്നവർക്ക് വോട്ടവകാശം നൽകിയിട്ടുണ്ടെങ്കിലും ഇവരിൽ 2.98 ലക്ഷം പേർ മാത്രമേ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മുന്നോട്ടുവന്നിട്ടുള്ളൂ!
ഏഴുലക്ഷത്തോളം പേർക്ക് ഇക്കാര്യത്തിൽ ഒരു താത്പര്യവുമില്ലെന്നാണ് ബഹുഭൂരിപക്ഷം യുവതീ യുവാക്കളും തിരഞ്ഞെടുപ്പിനോട് മുഖം തിരിഞ്ഞു നിൽക്കുന്നതിൽ നിന്ന് മനസിലാക്കേണ്ടത്. വോട്ടവകാശം പ്രായപൂർത്തിയെത്തുന്ന ഏതൊരു പൗരന്റെയും ഭരണഘടനാദത്തമായ അവകാശമാണ്. അതു വേണ്ടപോലെ വിനിയോഗിക്കുമ്പോഴാണ് ജനാധിപത്യം അർത്ഥവത്താകുന്നത്. രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുൾപ്പെടെ ഏതു പ്രായക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന പ്രാഥമിക വേദി കൂടിയാണ് രാജ്യത്തെ തിരഞ്ഞെടുപ്പുകൾ. തദ്ദേശ സ്ഥാപനങ്ങൾ മുതൽ പാർലമെന്റിലേക്കു വരെ നടക്കുന്ന തിരഞ്ഞെടുപ്പുകളാണ് ജനാഭിലാഷം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല വേദികൾ. നിർഭാഗ്യകരമെന്നു പറയട്ടെ, കേരളത്തിലെ യുവതലമുറ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുന്നോട്ടുവരാതെ ഒഴിഞ്ഞു മാറുകയാണ്. സംസ്ഥാനത്തെ വോട്ടർമാരിൽ 58 ശതമാനവും 30-നും 60-നും ഇടയ്ക്ക് പ്രായക്കാരാണ്. 18-നും 19-നുമിടയ്ക്ക് പ്രായക്കാർ വെറും 1.07 ശതമാനമാണത്രെ.
തിരഞ്ഞെടുപ്പിനോടും വോട്ടെടുപ്പിനോടുമുള്ള യുവജനതയുടെ ഈ വിമുഖത രാഷ്ട്ര നിർമ്മാണത്തിന്റെ വിവിധ മേഖലകളെ ദോഷകരമായി ബാധിക്കുമെന്നു തീർച്ച. നാടിന്റെ വികസന പ്രശ്നങ്ങളുൾപ്പെടെ പല കാര്യങ്ങളിലും ഇടപെടേണ്ട ഒരു തലമുറയാണ് ഇപ്രകാരം മാറിനിൽക്കുന്നത്. 'എനിക്ക് എന്റെ കാര്യം; നാടിന്റെ കാര്യങ്ങൾ രാഷ്ട്രീയക്കാർ നോക്കട്ടെ" എന്നാണ് യുവതലമുറയുടെ ചിന്താഗതി. നാടിന്റെ പൊതുവായ പല കാര്യങ്ങളിലും ആവശ്യങ്ങളിലും ഈ തലമുറ ക്രിയാത്മകമായി ഇടപെടാറുള്ളത് മറന്നുകൊണ്ടല്ല ഇതു പറയുന്നത്. എന്നാൽ ചിന്താശക്തി വേണ്ടിടത്ത് ഇടപെടുന്നതിൽ ഇക്കൂട്ടർ പൊതുവേ മടിച്ചുനിൽക്കും. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പുചിത്രം പരിശോധിച്ചാൽ ബോദ്ധ്യമാകുന്ന ഒരു കാര്യമുണ്ട്. ഏറ്റവുമധികം ഉദ്യോഗസ്ഥന്മാരും വിദ്യാസമ്പന്നരുമുള്ള മണ്ഡലങ്ങളാണ് വോട്ടിംഗ് ശതമാനത്തിൽ പ്രായേണ പിന്നിലായത്! യുവാക്കൾ മാത്രമല്ല, മറ്റു വിഭാഗം വോട്ടർമാർക്കും പണ്ടത്തെപ്പോലെ തിരഞ്ഞെടുപ്പിനോട് താത്‌പര്യം കുറഞ്ഞുവരികയാണെന്ന് ചുരുക്കം.
ഈ സ്ഥിതിവിശേഷത്തിന് പ്രധാന കാരണക്കാർ രാഷ്ട്രീയക്കാർ തന്നെയാണെന്നു പറയാം. രാഷ്ട്രീയത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന പല വിധ ദുഷ്‌പ്രവണതകൾ സാധാരണ വോട്ടർമാരെ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കാൻ പ്രേരിപ്പിക്കുന്നു. വളർന്നുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെ നാനാതരത്തിലുള്ള ഭരണപരാജയങ്ങൾ ഏതു പൗരന്റെയും ഉത്കണ്ഠയിൽ വരുന്ന കാര്യങ്ങളാണ്. തിരഞ്ഞെടുപ്പിൽ ജയിച്ചുവരുന്നവർക്ക് നാടിനെ ഒന്നായി കാണാനും വികസനത്തിന്റെ സദ്‌ഫലങ്ങൾ പക്ഷപാത രഹിതമായി പങ്കിടാനും കഴിയുന്നില്ലെങ്കിൽ സാധാരണക്കാർ ജനാധിപത്യ സംവിധാനങ്ങളിൽ നിന്ന് അകന്നുകൊണ്ടേയിരിക്കും. ഇതിനിടയിലും യുവജനതയെ ജനാധിപത്യ സംവിധാനങ്ങളോട് കഴിയുന്നത്ര അടുപ്പിച്ചു നിറുത്താൻ മുന്നിട്ടിറങ്ങുന്നത് പരമ്പരാഗത രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയത്തിലെ കാപട്യമാണ് യുവജനങ്ങളെ വെറുപ്പിക്കുന്നതെന്നു മനസിലാക്കി, ഈ പ്രവണത മാറ്റിയെടുക്കാനും മുഖ്യധാരാ രാഷ്ട്രീയക്കാർ തന്നെ മുന്നിട്ടിറങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |