ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ ബിസിനസ്, തൊഴിൽ, സാങ്കേതിക, സാംസ്കാരിക സാമൂഹിക സമ്പദ്ഘടനയിൽ നിർണായക പങ്കുവഹിക്കുന്ന വലിയ സമൂഹമാണ് പ്രവാസികൾ. ഇന്ത്യൻ പ്രവാസി സമൂഹം ലോകമെമ്പാടും നിന്ന് സമ്പാദിച്ച് ഇവിടേക്ക് അയയ്ക്കുന്ന വിദേശനാണ്യം നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വലിയ മുതൽക്കൂട്ടാണ്. വിവിധ രാജ്യങ്ങളിൽ തൊഴിലും ബിസിനസ് സാദ്ധ്യതകളും തേടിപ്പോയി അവിടെ കുടിയേറിപ്പാർത്ത പ്രവാസികൾ, ലോകരാജ്യങ്ങൾക്കിടയിൽ തൊഴിൽ, ബിസിനസ്, വ്യവസായ, നിയമ, സാങ്കേതിക, സംസ്കാരിക മേഖലകളിൽ ഇന്ത്യയുടെ യശസ് ഉയർത്തിപ്പിടിക്കുന്നു. ഒപ്പം നമ്മുടെ സംസ്കാരം ലോകരാജ്യങ്ങളിൽ പ്രചരിപ്പിക്കുകയും ലോക രാജ്യങ്ങളിലെ സംസ്കാരം ഭാരതത്തിൽ എത്തിക്കുകയും ചെയ്യുന്നു.
വിദേശ രാജ്യങ്ങളിലെ തൊഴിൽ, ബിസിനസ്, സാങ്കേതിക രംഗങ്ങളിൽ നിന്ന് ആർജ്ജിക്കുന്ന അറിവ് ഉപയോഗിച്ച് ഇന്ത്യയിൽ വിവിധ സംരംഭങ്ങൾ തുടങ്ങി, രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് രാജ്യ നിർമ്മാണത്തിലും പുരോഗതിയിലും പ്രവാസി സമൂഹം നിർണായക പങ്കുവഹിക്കുന്നു. പ്രവാസികളുടെ സംഭാവനകളെ ഓർമ്മിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു മഹോത്സവമാണ് ഇന്ത്യൻ പ്രവാസി ദിനം. ഇന്ത്യയിൽ പ്രവാസി ഭാരതീയ ദിനം രണ്ടുവർഷം കൂടുമ്പോൾ രാജ്യവും സംസ്ഥാനങ്ങളും വിവിധ സംഘടനകളും ആഘോഷിക്കുന്നു.
ചരിത്രത്തിന്റെ
കടൽത്തിരകൾ
നീണ്ടകാലത്തെ മാരിടൈം ചരിത്രം പറയാനുള്ള നാടാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന് റോം, ഈജിപ്റ്റ്, അലക്‌സാൻഡ്രിയ, ചൈന, അറബ് രാജ്യങ്ങൾ, ഇറ്റലി എന്നിങ്ങനെ വിവിധ രാജ്യങ്ങളുമായി ചരക്കു വ്യാപാരമുണ്ടായിരുന്നു. 1498-ൽ പോർച്ചുഗീസ് കപ്പിത്താനായ വാസ്‌കോ ഡി ഗാമ കോഴിക്കോട് കാപ്പാട് കാലുകുത്തി. തുടർന്ന് ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് വിദേശ ശക്തികൾ ഇന്ത്യയിലെത്തി. ഇതെല്ലാം കടൽ മുഖാന്തരമായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കുകയും തുടർന്ന് ബ്രിട്ടനേക്കാൾ 15 ഇരട്ടി വലിപ്പമുള്ള ഇന്ത്യയുടെ ഭരണം കവർന്നെടുക്കുകയും ചെയ്തു. ഇന്ത്യയിലെ വിഭവങ്ങൾ ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടുപോവുകയും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തു. ഇന്ത്യ കടന്നുപോയ ഏറ്റവും ദുഷ്കരമായ കാലഘട്ടമായിരുന്നു അത്.
ബ്രിട്ടീഷ് കോളനിവത്കരണത്തിനും നിഷ്ഠുര ഭരണത്തിനുമെതിരെ ഇന്ത്യയിൽ അങ്ങോളമിങ്ങോളം, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വാതന്ത്ര്യ സമരം ആരംഭിച്ചു. ദക്ഷിണാഫ്രിക്കയിൽ ബാരിസ്റ്റർ ജോലി ചെയ്തിരുന്ന മഹാത്മാഗാന്ധി, ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കൾക്കൊപ്പം വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരെയും സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായി പൊരുതുന്ന കാലം. പ്രമുഖ ഇന്ത്യൻ സമരസേനാനിയായ ഗോപാലകൃഷ്ണ ഗോഖലെയുടെ നിർദ്ദേശപ്രകാരം മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിലെ ബാരിസ്റ്റർ ജോലി ഉപേക്ഷിച്ച് 1915 ജനുവരി ഒമ്പതിന് മുംബയ് തുറമുഖത്തെത്തി.
ആവേശത്തോടെ തിങ്ങിനിറഞ്ഞ ജനാവലി മുംബയ് തുറമുഖത്ത് അദ്ദേഹത്തെ സ്വീകരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നിന്ന് അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയും വിദേശ നിർമ്മിത വസ്തുക്കളുടെ ഇറക്കുമതിയും നടന്നിരുന്നത് മുംബയ് തുറമുഖം വഴിയായിരുന്നു. ഗാന്ധിജി വിദേശ വസ്തുക്കളുടെ ബഹിഷ്കരണത്തിനും സ്വദേശി വസ്തുക്കളുടെ പ്രചാരണത്തിനും ആഹ്വാനം ചെയ്തത് ബ്രിട്ടീഷുകാർക്കു നൽകാവുന്ന ഏറ്റവും വലിയ പ്രഹരമായിരുന്നു. ഇന്ത്യ നയിച്ച നിരന്തര സമരത്തിന്റെ ഫലമായി 1947-ൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു.
തുടർന്ന്, ഇന്ത്യയിൽ നിന്ന് ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങൾ പഠിക്കുവാൻ വേണ്ടി എൻ.എം. സിഗ്‌മി അദ്ധ്യക്ഷനായി ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാർശയും 2020 ജനുവരി എട്ടിന് ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് സമർപ്പിച്ചു. തുടർന്ന് വിഗ്യാൻ ഭവനിൽ നടന്ന പൊതു ചടങ്ങിൽ ജനുവരി ഒമ്പത് പ്രവാസി ഭാരതീയ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രവാസി ക്ഷേമം
എന്ന ലക്ഷ്യം
മഹാത്മാഗാന്ധി സ്വാതന്ത്ര്യസമര നേതൃത്വം ഏറ്റെടുക്കുവാനായി മുംബയ് തുറമുഖത്ത് കാൽ കുത്തിയ ജനുവരി ഒമ്പത് ഓർമ്മപ്പെടുത്തിക്കൊണ്ട്, 2003 ജനുവരിയിലെ ഇതേദിവസം ആദ്യ ഭാരതീയ പ്രവാസി ദിനാഘോഷത്തിന് തുടക്കം കുറിച്ചു. രാജ്യാന്തര തലത്തിലും ദേശീയതലത്തിലും പ്രവാസി ദിനവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ സംഘടിപ്പിക്കപ്പെടാറുണ്ട്. ഈ ചടങ്ങുകളിൽ പ്രവാസികളുടെ സംഭാവനകളെ ഓർമ്മിപ്പിക്കുകയും ആദരിക്കുകയും, രാജ്യത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും പുരോഗതിക്കും ക്ഷേമത്തിനും വികസനത്തിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിവിധ വിഷയങ്ങളിൽ ചർച്ചാ ക്ളാസുകൾ, സെമിനാറുകൾ, വർക്ക് ഷോപ്പുകൾ, കോൺക്ളേവുകൾ എന്നിവ നടക്കുന്നു. കേരളത്തിലും പ്രവാസി ഭാരതീയ ദിനം ഒരു വലിയ ആഘോഷമാണ്. ഇന്ത്യയിൽ ഒരു പ്രവാസി ഭാരതീയ കേന്ദ്രം, രണ്ടാം പ്രവാസി ഭാരതീയ ദിനത്തിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു. ഇതിന്റെ പേര് പിന്നീട്, ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജിന്റെ പേരിൽ 'സുഷമ സ്വരാജ് ഭവൻ" എന്ന് പുനർനാമകരണം ചെയ്തു.
ഒഡഷിയിലെ ഭുവനേശ്വറിൽ ഇന്നലെ ആരംഭിച്ച പ്രവാസി ഭാരതീയ ദിവസ് ആഘോഷ പരിപാടികൾ പത്തു വരെ നീളും. ഇത്തവണത്തേത്, ഇന്ത്യയുടെ 18-ാം പ്രവാസി ദിനമാണ്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ലോകത്ത് യൂത്ത് ലീഡർ ഷിപ്പ്, മൈഗ്രന്റ് സ്കിൽ സമൂഹവും വിവിധ തലങ്ങളും, സ്ത്രീ ശാക്തീകരണവും ലീഡർഷിപ്പും, ദേശീയ അന്തർദേശീയ തലത്തിൽ പ്രവാസിക്ഷേമം, വിദേശ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ചർച്ചകളും തുടർന്ന് ആദര ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.
ഈ സമ്മേളനം ഇന്ത്യയുടെ നവീകരണത്തിനും വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമുള്ള വഴിതുറക്കൽ കൂടിയായിരിക്കും. സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി, രാഷ്ട്രപതി, മുൻ രാഷ്ട്രപതി വിദേശകാര്യ മന്ത്രി, വിവിധ രാജ്യങ്ങളിലെ മുഖ്യമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രവാസി ഇന്ത്യൻ നേതാക്കൾ, വ്യവസായികൾ, സാംസ്കാരിക- സാമൂഹിക പ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷകർ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, സംഘടനകൾ തുടങ്ങിയവരും പങ്കെടുക്കും.
പാശ്ചാത്യ അധിനിവേശ ശക്തികൾ ഇന്ത്യയിലേക്ക് കടന്നുവന്നതിനും, ഇന്ത്യയിലെ വിഭവങ്ങൾ കടത്തിക്കൊണ്ടുപോയതിനും, നമുക്ക് സ്വാതന്ത്ര്യം നിഷേധിച്ചതിനുമെല്ലാം പിന്നിൽ കടലിന്റെ അല്ലെങ്കിൽ മാരി ടൈംമിന്റെ പശ്ചാത്തലമുണ്ട്. ഈ പാശ്ചാത്യശക്തികളെ ചെറുത്തു തോൽപ്പിക്കുന്നതിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മഹാത്മാഗാന്ധി മുംബയ് തുറമുഖത്ത് കാൽകുത്തിയതും, തുടർന്നു നടത്തിയ ശക്തമായ പോരാട്ടവും പ്രവാസ ജീവിതവും ഇന്ത്യയുടെ സ്വാതന്ത്ര്യവുമെല്ലാം കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടുപോയ വിപുലമായ മാരിടൈം വ്യാപാരത്തിന്റെ പുത്തൻ അദ്ധ്യായങ്ങൾ തിരിച്ചുപിടിച്ച്, ഇന്ത്യ ബ്ളൂ ഇക്കോണമിയിലൂടെ ഒരു വികസിത രാജ്യമായി മാറാൻ അധികകാലം വേണ്ട. ഇന്ത്യയ്ക്കായി പ്രവാസി സമൂഹം ഇനിയും ഒരുപാട് സംഭാവനകൾ നൽകും.
(ആഗോള മലയാളി കൗൺസിൽ, ബ്ളൂ ഇക്കോണമി ഫോറം ചെയർമാൻ ആണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |