തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്രരായ ഭൂരഹിതർക്ക് ഭൂമി കണ്ടെത്തി നൽകുന്നതിൽ കാലതാമസം വരുന്നതിനെപ്പറ്റി ജില്ലാ കളക്ടർമാരോട് സർക്കാർ വിശദീകരണം തേടി. ഇന്നലെ കേരളകൗമുദി ഇതേക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ നടന്നുവന്ന ജില്ലാ കളക്ടർമാരുടെ വാർഷിക യോഗത്തിലാണ് വിഷയം ചർച്ചയായത്. ഭൂമി കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടെങ്കിൽ സ്പോൺസർഷിപ്പ് വഴി ഭൂമി കണ്ടെത്താനും തത്വത്തിൽ തീരുമാനമായി. രണ്ട് ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച് സർക്കാർ നിർദ്ദേശം വന്നേക്കും. സംസ്ഥാനത്ത് ഭൂരഹിതരായ 2766 പേരിൽ 213 പേർക്കാണ് ഒമ്പതു മാസത്തിനുള്ളിൽ പട്ടയം നൽകാൻ സാധിച്ചത്.
ആലത്തൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഡി.ജി.പി ആദരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായും ദേശീയ തലത്തിൽ മികച്ച അഞ്ചാമത്തെ സ്റ്റേഷനായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് ആദരിച്ചു. ഡി.ജി.പിയിൽ നിന്ന് ആലത്തൂർ എസ്.എച്ച്.ഒ ടി.എൻ ഉണ്ണികൃഷ്ണൻ, എസ്.ഐ വിവേക് നാരായണൻ, സി.പി.ഒ രാജീവ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. എ.ഡി.ജി.പി മനോജ് എബ്രഹാം, ഇന്റലിജൻസ് മേധാവി പി. വിജയൻ എന്നിവരും പങ്കെടുത്തു.
കുറ്റിപ്പുറം, വളപട്ടണം സ്റ്റേഷനുകൾ മുൻ വർഷങ്ങളിൽ രാജ്യത്തെ മികച്ച പത്ത് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
ഗവർണർക്ക് 13
ലക്ഷം അധിക ഫണ്ട്
തിരുവനന്തപുരം: പുതിയ ഗവർണർ ചുമതലയേറ്റെടുത്തതിന് പിന്നാലെ രാജ്ഭവന് അധിക ഫണ്ട് അനുവദിച്ച് സംസ്ഥാന ധനവകുപ്പ്.ജനുവരി മൂന്നിന് 13 ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്.
നവംബർ 14 ന് പണം ആവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നിന്ന് ഒഴിഞ്ഞതിന് ശേഷമാണ് പണം അനുവദിച്ചത്. ജനുവരി 2 നാണ് രാജേന്ദ്ര വിശ്വനാഥ് ആർലേകർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടടുത്ത ദിവസം സംസ്ഥാന സർക്കാർ പണം അനുവദിച്ചു.
വാട്ടർ ചാർജിന് 5 ലക്ഷവും വാഹന റിപ്പയറിംഗ് , മെയിന്റ ൻസിന് 1 ലക്ഷവും ഇന്ധനത്തിന് 2 ലക്ഷവും മറ്റ് ഇനങ്ങൾക്ക് 5 ലക്ഷവുമാണ് അധിക ഫണ്ട് അനുവദിച്ചത്.
മൃദംഗ വിഷൻ ഓഫീസിൽ
ജി.എസ്.ടി പരിശോധന
പ്രത്യേക ലേഖകൻ
മേപ്പാടി: മൃദംഗവിഷന്റെ മേപ്പാടിയിലെ ഓഫീസിലും സി.ഇ.ഒ നിഗോഷ്കുമാറിന്റെ വീട്ടിലും ജി.എസ്.ടി ഇന്റലിജൻസ് പരിശോധന. കോഴിക്കോട്, വയനാട് ജി.എസ്.ടി യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. ഉമാ തോമസ് എം.എൽ.എ വീണ് പരിക്കേൽക്കാൻ ഇടയായ നൃത്ത പരിപാടി സംഘടിപ്പിച്ചതിലെ കണക്കുകളിൽ അന്തരമുള്ളതായി കണ്ടെത്തി. കൃത്യമായ വരവ് ചെലവുകൾ കാണിക്കാതെയുള്ള ഇടപാടുകളാണ് നടന്നതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറിലെ വിശദാംശങ്ങൾ ശേഖരിച്ചു.
മൃദംഗ വിഷന്റെ മേപ്പാടി ടൗണിലെ ഓഫീസിലായിരുന്നു ആദ്യം പരിശോധന നടത്തിയത്. പിന്നീട് സി.ഇ.ഒ നികോഷ് കുമാറിന്റെ അരപ്പറ്റയിലുള്ള വീട്ടിലെത്തി. ജി.എസ്.ടി ഇന്റലിജൻസ് ഓഫീസർ സിനോജ് ജെയിംസ്, വയനാട് യൂണിറ്റ് ഡെപ്യൂട്ടി കമ്മിഷണർ സന്ധ്യ.എച്ച് .ആർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നൃത്ത പരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് 3900 രൂപ വീതം ഈടാക്കിയതായാണ് സൂചന. കോടികൾ പിരിഞ്ഞു കിട്ടിയിട്ടും കൃത്യമായ കണക്കുകൾ നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |