മൊബെെൽ ലാബുമായി ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ
കോഴിക്കോട്: വൃക്ക രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികളെ മുൻകൂട്ടി കണ്ടെത്താൻ വീടുകളിൽ പരിശോധനയുമായി ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ. 14 വർഷത്തിനിടെ 80,000 വൃക്ക രോഗികൾക്കാണ് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുത്തത്. നിലവിൽ 102 പേർക്ക് സ്ഥിരമായി ചെയ്തുകൊടുക്കുന്നു. 200 രോഗികൾക്ക് മരുന്നും നൽകുന്നു. ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകൾ, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കോഴിക്കോട് കോർപ്പറേഷൻ ഉൾപ്പെട്ട ബേപ്പൂർ, ചെറുവണ്ണൂർ എന്നിവിടങ്ങളിലാണ് മൊബെെൽ ലാബുമായി രക്തവും മൂത്രവും പരിശോധിച്ച് രോഗനിർണ്ണയം നടത്തുക. ആദ്യഘട്ടത്തിൽ ജനുവരി 15 മുതൽ ഫെബ്രുവരി15 വരെ പ്രാഥമിക പരിശോധന പൂർത്തിയാക്കും. പദ്ധതിയുടെ ഉദ്ഘാടനം നാളെ വെെകിട്ട് നാലിന് പന്തീരാങ്കാവ് എ.യു.പി സ്കൂളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ശാരുതി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശെെലജ തുടങ്ങിയവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ വി.കെ.സി. മമ്മദ്കോയ, കൺവീനർ കെ. ഉദയകുമാർ, എം.ഖാലിദ്, ടി.ടി. മനോജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |