മുംബയ്: സ്‌മാർട്ട് ഫോൺ വാങ്ങിക്കൊടുക്കാത്തതിന് മകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിൽ ബിലോലിയിലെ മിനാകി ഗ്രാമത്തിലാണ് സംഭവം നടന്നത്. കർഷക കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തെ മരത്തിലാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പിന്നാലെ അതേ കയറിൽ പിതാവും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ലാത്തൂരിൽ പഠിക്കുന്ന ഓംകാരയും സഹോദരങ്ങളും മകരസംക്രാന്തി ലീവിന് നാട്ടിലെത്തിയതായിരുന്നു. പഠനത്തിനായി സ്‌മാർട്ട് ഫോൺ വേണമെന്ന് ഓംകാർ കർഷകനായ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് പിതാവ് ഫോൺ വാങ്ങി നൽകിയില്ല. വാഹനത്തിനും കൃഷിക്കുമെടുത്ത വായ്പ ചൂണ്ടിക്കാട്ടി ഫോൺ വാങ്ങാൻ നിർവാഹമില്ലെന്ന് പിതാവ് മകനോട് പലതവണ പറഞ്ഞു. ബുധനാഴ്ചയും ഓംകാർ വീട്ടിൽ വീണ്ടും ഫോണിന്റെ കാര്യം പറഞ്ഞു. പിന്നാലെ പിതാവ് കഴിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ഓംകാർ വീടുവീട്ടിറങ്ങി.
ഓംകാർ കൃഷി സ്ഥലത്തേക്ക് പോയെന്നാണ് കുടുംബം കരുതിയത്. എന്നാൽ പിറ്റേന്ന് രാവിലെയും തിരിച്ചെത്താത്തതോടെ അന്വേഷിച്ചിറങ്ങുയായിരുന്നു. തെരച്ചിലിലാണ് കൃഷി സ്ഥലത്തെ മരക്കൊമ്പിൽ ഓംകാറിനെ തൂങ്ങിയ നിലയിൽ പിതാവ് കണ്ടത്. പിന്നാലെ മകന്റെ മൃതദേഹം താഴെയിറക്കി പിതാവ് അതേ കയറിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി രണ്ട് മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. ഓംകാറിന്റെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |