കോട്ടയം: വില കൂടാനുള്ള എല്ലാ സാഹചര്യമുണ്ടായിട്ടും റബറിന് രക്ഷയില്ല. ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ ചരക്ക് എത്താത്തിനാൽ വില ഉയരുമെന്നപ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ, വിപണിയിൽ നിന്ന് വിട്ടുനിന്നുള്ള ടയർലോബിയുടെ കളിയാണ് വിലയിൽ മാറ്റമില്ലാതെ നിർത്തുന്നത്. കിലോക്ക് 200 രൂപയാകും വരെ ഷീറ്റ് വിൽക്കില്ലെന്ന നിലപാടിൽ റബർ കർഷക സംഘങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുമ്പോൾ വില ഉയരാതിരിക്കാനുള്ള സംഘടിത നീക്കമാണ് ടയർ ലോബി നടത്തുന്നത്. ആർ.എസ്.എസ് നാലാം ഗ്രേഡ് റബർ ബോർഡ് വില 189 രൂപയിലും വ്യാപാരി വില 181ലും മാറ്റമില്ലാതെ നിൽക്കുന്നു.
പുതിയ വൈറസ് ഭീഷണി
ചൈനയിൽ പിടി മുറുക്കിയ പുതിയ വൈറസ് എച്ച്.എം.പി.വിയും ആഗോളവിപണിക്ക് ഭീഷണിയാകുന്നുണ്ട്.
ചൈനയിലെ മാന്ദ്യവും ലോക റബർ വിപണിയെയും ബാധിച്ചിട്ടുണ്ട്. ചൈനയിൽ 203ൽ നിന്ന്195 രൂപയായി വില താഴ്ന്നു. ഇതിന്റെ ചുവട് പിടിച്ചു സിംഗപ്പൂർ, ബാങ്കോക്ക്, ടോക്കിയോ, മലേഷ്യ തുടങ്ങിയ വിപണികളിലും വില താഴുന്ന പ്രവണത ഉണ്ടായി.
കറുത്ത പൊന്നിന് ആശ്വാസം
വില തകർച്ചയിൽ നിന്ന് കുരുമുളക് വിപണി കര കയറുകയാണ്. നാലാഴ്ചക്ക് ശേഷം കിലോക്ക് അഞ്ചു രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. ഡിമാൻഡ് കൂടിയതോടെ അന്തർ സംസ്ഥാന കച്ചവടക്കാരും ഇറക്കുമതി കയറ്റുമതി യൂണിറ്റുകളും മുളക് വാങ്ങാൻ താത്പര്യം കാട്ടിയതാണ് വില ഉയരാൻ കാരണം. ബ്രസീൽ 100 ഡോളറും വിയറ്റ്നാം 50 ഡോളറും കയറ്റുമതി നിരക്ക് ഉയർത്തി.
സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതിയിൽ യൂറോപ്പ് ഗുണനിലവാരം കർശനമാക്കിയതോടെ ഹൈറേഞ്ച് കുരുമുളകിൽ ഗുണനിലവാരം കുറഞ്ഞ ശ്രീലങ്കൻ കുരുമുളക് കലർത്തി വിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കയറ്റുമതിയെ ദോഷകരമായി ബാധിച്ചേക്കും. ഇന്ത്യയിൽ 2024ൽ 50000 ടൺ കുരുമുളക് നീക്കിയിരിപ്പുണ്ടെന്നും ഉത്പാദനം 75000 ടൺ ഉണ്ടാകുമെന്നാണ് കേന്ദ്ര കൃഷിവകുപ്പ് പാർലമെന്റിൽ വെച്ച കണക്കെങ്കിലും കർഷകരും വ്യാപാരികളും ഇത് അംഗീകരിക്കുന്നില്ല.
കയറ്റുമതി നിരക്ക് ഒരു ടണ്ണിന്
ഇന്ത്യ - 7800 ഡോളർ
ശ്രീലങ്ക- 6900 ഡോളർ
വിയറ്റ്നാം-6700 ഡോളർ
ബ്രസീൽ 7000 ഡോളർ
ഇന്തോനേഷ്യ - 7200 ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |