തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് അംഗമായതിന് പിന്നാലെ അയോഗ്യതാ പ്രശ്‌നത്തെ മറികടക്കാൻ പി.വി അൻവർ എംഎൽഎ സ്ഥാനം രാജിവയ്‌ക്കുമോ? ഇന്ന് രാവിലെ സ്പീക്കർക്ക് രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. അതിനുശേഷം നടക്കുന്ന വാർത്താ സമ്മേളനത്തിൽ രാജിവച്ച വിവരം പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്.
തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എം.എൽ.എ സ്ഥാനം തടസമാണ്. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി വഴി ശ്രമിക്കുന്നത് എന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് പി.വി. അൻവർ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നിലവിൽ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഇതിനൊപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപിപ്പിക്കുന്നതിന് എം.പിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയതായും വിവരമുണ്ട്. അൻവറിനെ യുഡിഎഫിൽ എടുക്കണോ എന്ന കാര്യത്തിൽ തീരുമാനമൊന്നും ഇതുവരെ വന്നിട്ടില്ല. നിലമ്പൂരിൽ വീണ്ടും മത്സരിച്ച് തന്റെ കരുത്ത് സർക്കാരിനും എൽഡിഎഫിനും മുന്നിൽ തെളിയിക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത്.
അൻവർ രാജിവച്ച ശേഷം ഉപ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാമെന്ന ഉറപ്പ് മമത നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ സൂചിപ്പിക്കുന്നു.. കേരളത്തിൽ പാർട്ടിയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, അൻവർ ഉൾപ്പെടെ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്ന് തൃണമൂൽ നേതാക്കൾ ഈ മാസം കേരളത്തിലെത്തും. മാർച്ച് അവസാനത്തോടെ മമത ബാനർജിയും കേരളം സന്ദർശിച്ചേക്കും.
യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള അൻവറിന്റെ ശ്രമങ്ങൾക്ക് കോൺഗ്രസ് പച്ചക്കൊടി വീശിയിട്ടില്ല. തൃണമൂലുമായി കേരളത്തിൽ സഹകരിക്കാൻ കഴിയില്ലെന്ന് കെ.മുരളീധരൻ ഉൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂലിൽ ചേർന്ന ശേഷം മുസ്ലിം ലീഗും അൻവറിനോടുള്ള സോഫ്റ്റ് കോർണർ മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലമ്പൂരിൽ രാജിവച്ച് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ അൻവർ ധൈര്യം കാട്ടുമോ എന്നതാണ് ചോദ്യം. മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളേറ്റെടുത്തതിന് തന്നെ സർക്കാർ ക്രൂശിക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള രാജിയിലൂടെ എൽ.ഡി.എഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കാനാവുമെന്ന കണക്കുകൂട്ടലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |