# യു.ഡി. എഫ് കൂടാരവും ഉറപ്പായി
തിരുവനന്തപുരം: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തുടർന്നും വെല്ലുവിളിക്കാനുള്ള പ്ളാറ്റ് ഫോമാണ് പി.വി. അൻവറിന് തൃണമൂൽ കോൺഗ്രസ്. നിലമ്പൂരിലെ സ്വതന്ത്ര എം.എൽ.എ സ്ഥാനം അൻവർ രാജിവച്ചതിനു പിന്നാലെ, തൃണമൂലിന്റെ സംസ്ഥാന കൺവീനറായി നിയമിച്ചു. അൻവറിന്റെ രാജി നിയമസഭാ സ്പീക്കർ അംഗീകരിച്ചു.
അൻവറിനെ അമർച്ചചെയ്യാൻ സി.പി.എമ്മും പിണറായിയും ശ്രമിച്ചാൽ, അതിന്റെ പ്രത്യാഘാതം ബംഗാളിൽ സി.പി.എം നേരിടേണ്ടിവന്നേക്കും.
തെക്കേ ഇന്ത്യയിലും സാന്നിദ്ധ്യമുണ്ടെന്ന് അവകാശപ്പെടാൻ കഴിയുമെന്നതാണ് മമതയ്ക്ക് ഇതിലുള്ള നേട്ടം. ദേശീയതലത്തിൽ സ്വാധീനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യവും പ്രധാനമന്ത്രി പദം മോഹിക്കുന്ന മമതയ്ക്കുണ്ട്.
ഇന്നലെ സ്പീക്കറെ നേരിൽ കണ്ടാണ് രാജിക്കത്ത് നൽകിയത്.
രാഷ്ട്രീയ ശത്രുവിനെതിരെ പാർട്ടികവചം അണിഞ്ഞശേഷമാണ് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ യു.ഡി.എഫിൽ ചേക്കേറാനുള്ള കരുക്കൾ പരസ്യമായി നീക്കിയത്.
നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണമുന്നയിച്ചതിന് ക്ഷമാപണം നടത്തുക വഴി മഞ്ഞുരുക്കി.
എം.എൽ.എ സ്ഥാനം രാജിവച്ചതിലൂടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്ന സ്വന്തം മണ്ഡലമായ
നിലമ്പൂരിൽ യു.ഡി.എഫിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചു.
എം.എൽ.എ പദവി രാജി വയ്ക്കാതെ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടിവരുമായിരുന്നു.രാജിവയ്ക്കാൻ മമത ഉപദേശിച്ചതായും അറിയുന്നു. തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും തോൽവി പിണയുകയും ചെയ്താൽ രാഷ്ട്രീയ ഭാവി ഇല്ലാതാവുമെന്ന് അൻവറിന് ബോധ്യമുണ്ട്. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിറുത്തുകയും വളരെ കുറച്ച് വോട്ടുകൾ കിട്ടുകയും സി.പി.എം ജയിക്കുകയും ചെയ്തതോടെതന്നെ രാഷ്ട്രീയ ഭാവിക്ക് മങ്ങലേറ്റിരുന്നു. അപ്പോഴാണ് ഫോറസ്റ്റ് ആക്രമണക്കേസിൽ ഒന്നാം പ്രതിയാക്കി അറസ്റ്റ്ചെയ്തത്. അതോടെ രാഷ്ട്രീയ ജീവൻ വീണ്ടെടുത്ത അൻവർ സമയം പാഴാക്കാതെ തൃണമൂലിൽ കുടിയേറുകയായിരുന്നു.യു.ഡി.എഫ് കൂടാരം ലക്ഷ്യം വച്ച് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പിന്തുണ വേണ്ടെന്ന് പറയാൻ യു.ഡി.എഫിനും കഴിയില്ല. പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പിന്തുണയെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, നിലമ്പൂരിൽ രാഷ്ട്രീയ എതിരാളിയാവാൻ സാദ്ധ്യതയുള്ള കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന് എതിരെയും അൻവർ കരുക്കൾ നീക്കി. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കിയാൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന പരസ്യ പ്രഖ്യാപനം അതിന്റെ ഭാഗമാണ്. സതീശനെതിരായ ആരോപണത്തിന് പ്രേരിപ്പിച്ചത് പി.ശശിയാണെന്ന് വെളിപ്പെടുത്തിയതിലൂടെ സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരായ യുദ്ധം തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അൻവർ നൽകിയ ക്ളീൻചിറ്റ് പിണറായിക്കെതിരെ പ്രതിപക്ഷ നേതാവ് ആയുധമാക്കുകയും ചെയ്തു.
സാദ്ധ്യതകൾ
1.ദേശീയതലത്തിൽ കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് തൃണമുൽ കോൺഗ്രസ് . ആ സ്വാധീനം ചെലുത്തി ഇവിടെ യു.ഡി.എഫിൽ ഘടകകക്ഷിയായി ,ആ പാർട്ടിയുടെ പേരിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ സ്വാഭാവികമായും മന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കാം.
2. തൃണമൂൽ കോൺഗ്രസിന് ലോക് സഭയിൽ 23 അംഗങ്ങളും രാജ്യ സഭയിൽ 13 അംഗങ്ങളുമുണ്ട്. രാജ്യസഭയിലേക്ക് അടുത്ത ഒഴിവിൽ പരിഗണിച്ചാൽ അൻവറിന് എം.പി ആവാം. കേരള രാഷ്ട്രീയത്തിൽ സജീവമായി തുടരുകയും ചെയ്യാം.
3. ദേശീയ തലത്തിൽ 'ഇന്ത്യ' മുന്നണിയിലാണെങ്കിലും ശക്തികേന്ദ്രമായ പശ്ചിമ ബംഗാളിൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും എതിർക്കുന്ന നയമാണ് തൃണമൂൽ കോൺഗ്രസിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |