നെയ്യാറ്റിൻകര: രണ്ട് മാസം മുമ്പ് ഗോപൻ സ്വാമിയുടെ വീട്ടിൽ പോയിരുന്നെന്ന് പരിസരവാസി സുകുമാരൻ. ഗോപൻ സ്വാമിയെ വർഷങ്ങളായി അറിയാമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഗോപൻ സ്വാമിയുടെ വീട്ടിൽ പോയപ്പോൾ അദ്ദേഹത്തിന് കണ്ണ് കാണില്ലെന്ന് ഭാര്യയും മകനും പറഞ്ഞെന്നും സുകുമാരൻ വ്യക്തമാക്കി.
'ഗോപൻ സ്വാമിക്ക് മൂന്ന് മക്കളുണ്ടായിരുന്നു. ഒരാൾ മരിച്ചുപോയി. ഞാൻ ഒരു ദിവസം ഗോപൻ സ്വാമിയെ അന്വേഷിച്ചു ചെന്നു. കണ്ണ് കണ്ടൂടെന്ന് ഭാര്യയും മോനും പറഞ്ഞു. ഇനിയിപ്പോൾ എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യമില്ല. കണ്ണ് കണ്ടുകൂടെങ്കിൽ ഗോപൻ സ്വാമിക്ക് വെളിയിലിറങ്ങാൻ പറ്റില്ലല്ലോ. ചിലപ്പോൾ അപ്പോൾ കണ്ണ് തുറന്നിരിക്കാം. ശിവൻ കണ്ണ് തുറന്നുകൊടുത്തിരിക്കും.
പണിക്ക് പോയപ്പോൾ പോസ്റ്റർ കണ്ടു. അപ്പോഴാണ് മരിച്ചെന്ന് അറിഞ്ഞത്. ഇപ്പോഴും ആ പോസ്റ്റർ ഉണ്ട്. യഥാർത്ഥത്തിൽ നമുക്കറിയില്ല മരിച്ചോ മരിച്ചില്ലയോ എന്ന്. സമാധിയാക്കിയെന്ന് പറഞ്ഞു. ആൾ അതിനകത്തുണ്ടോയെന്ന് അറിയില്ല. കണ്ണ് കണ്ടൂടാത്തയാൾ എങ്ങനെ നടന്നവിടെ പോയി.'- അദ്ദേഹം ചോദിച്ചു.
ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം നൽകിയ ഹർജി ഹെെക്കോടതി നേരത്തെ തള്ളിയിരുന്നു. എങ്ങനെയാണ് ഗോപൻ മരിച്ചതെന്ന് കുടുംബം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തുടർ നടപടി നിർത്തിവയ്ക്കാമെന്നും അല്ലാത്തപക്ഷം സ്ലാബ് തുറക്കുന്നത് സംബന്ധിച്ച നടപടിയിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |