SignIn
Kerala Kaumudi Online
Friday, 15 May 2026 8.08 PM IST

പിറന്നാൾ പാർട്ടിയിൽ കേക്കിന് പകരം വലിക്കാനായി കഞ്ചാവ്; ഉപയോഗിച്ചവരെല്ലാം കൗമാരക്കാർ

kanjav

ചങ്ങനാശേരി: കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിന് മത്സരിച്ച് കഞ്ചാവ് വലിച്ച കൗമാരക്കാരുടെ സംഘത്തെ എക്‌സൈസ് പിടികൂടി. ചങ്ങനാശേരിയിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയും പ്ലസ് വൺ വിദ്യാർത്ഥിയും അടങ്ങുന്ന ആറംഗ സംഘം പിടിയിലായത്. കൂട്ടത്തിൽ ഒരാൾക്ക് മാത്രമാണ് 18 വയസ് തികഞ്ഞത്.

കൂട്ടുകാരന്റെ പിറന്നാളിന് കേക്കിന് പകരമാണ് വിദ്യാർത്ഥികൾ കഞ്ചാവ് വലിച്ച് ആഘോഷിച്ചത്. കപ്ലങ്ങാ ചെടിയുടെ (പപ്പായ) തണ്ടും പ്ലാസ്‌റ്റിക് ബോട്ടിലും എം സീൽ ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ചാണ് വിദ്യാർത്ഥികൾ കഞ്ചാവ് വലിക്കുന്നതിനുള്ള ബോങ് തയ്യാറാക്കിയത്. ഇതിൽ കഞ്ചാവ് നിറച്ച് മാറി മാറി വലിക്കുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്.

ശനിയാഴ്‌ച എസി റോഡിൽ ഒഴിഞ്ഞ തുരുത്തിൽ നിന്നാണ് വിദ്യാർത്ഥികളെ പിടികൂടിയത്. ഒഴിഞ്ഞ തുരുത്തിലേക്ക് യൂണിഫോം ധരിച്ച വിദ്യാ‌ർത്ഥികൾ പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് എക്‌സൈസിനെ വിവരം അറിയിച്ചത്. മഫ്‌തിയിലെത്തിയ ചങ്ങനാശേരി എക്‌സൈസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളെ വളയുകയായിരുന്നു. നാലു പേരെ പിടികൂടിയെങ്കിലും രണ്ട് പേർ ഓടിരക്ഷപ്പെട്ടു. വിദ്യാർത്ഥികളെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ വീണ് പരിക്കേറ്റ ഉദ്യോഗസ്ഥനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിടിയിലായ വിദ്യാർത്ഥികളുടെ കൈയിൽ നിന്ന് ഒരു പായ്‌ക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇവരെ കൗൺസിലിംഗിന് അയയ്‌ക്കും. ഓടി രക്ഷപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെയും വിവരങ്ങൾ ശേഖരിച്ചു. മാതാപിതാക്കളുമായി ഹാജരാകാൻ നിർദേശം നൽകി.

എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥികളെ പിടികൂടിയത്. ഇന്റലിജൻസ് ബ്യൂറേോ ഇൻസ്‌പെക്‌ടർ ജി കിഷോർ, ഉദ്യോഗസ്ഥരായ ആന്റണി മാത്യു, ആന്റണി സേവ്യർ, ഉണ്ണികൃഷ്‌ണൻ, ഷിജു, സജിൽ, രതീഷ്, സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, EXCISE, CANNABIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY