സെക്രട്ടേറിയറ്റിൽ എന്തു നടക്കുന്നു
എന്ന് സർക്കാരിന് അറിയില്ലേ
കൊച്ചി: തലസ്ഥാന നഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ടെന്ന്
സെക്രട്ടേറിയറ്റിനു മുന്നിലെ ഫ്ലക്സ് വിഷയത്തിൽ കർശന താക്കീതുമായി ഹൈക്കോടതി.
സെക്രട്ടേറിയറ്റിൽ എന്തു നടക്കുന്നുവെന്ന് സർക്കാരിന് അറിയില്ലേയെന്ന് വാക്കാൽ ചോദിച്ചു. പൊതുസ്ഥലങ്ങളിൽ ബോർഡുകളും കൊടിതോരണങ്ങളും പാടില്ലെന്ന ഉത്തരവ് നിലനിൽക്കേ, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കൂറ്റൻ ഫ്ലക്സ് സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ചതിനെതിരെയുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഫ്ലക്സ് സ്ഥാപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ ബോർഡ് തിരുവനന്തപുരം കോർപ്പറേഷൻ നീക്കിയെങ്കിലും നിയമലംഘനം നിസാരമായി കാണാനാവില്ല. ബോർഡ് മാറ്റിയതിന് എന്ത് ചെലവു വന്നു എന്നതിലടക്കം വിശദീകരണം നൽകണം. ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും.
കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയിൽ, സംഘടനയുടെ പങ്ക് എന്താണെന്നും അന്വേഷണം നടക്കുന്നുണ്ടോയെന്നും വ്യക്തമാക്കണം. ഇതുവരെ ശേഖരിച്ച ബോർഡുകളും മറ്റും എന്തു ചെയ്‌തെന്നും അറിയിക്കണം. അമിക്കസ്‌ക്യൂറി ഹരീഷ് വാസുദേവന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
'കോടതിക്ക് നോക്കിയിരിക്കാനാവില്ല'
സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ ജനസേവകരായ സർക്കാർ ഉദ്യോഗസ്ഥർതന്നെ പാലിക്കാത്തത് ദയനീയമാണ്. ഈ രാജ്യം ഇവരുടെ മാത്രമല്ല
ജനസേവകരായ ഉദ്യോഗസ്ഥർ നിയമലംഘനം നടത്തുമ്പോൾ കോടതിക്ക് നോക്കിയിരിക്കാനാവില്ല. ഇവരെ സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും ഹൈക്കോടതി
ഉയർന്ന റാങ്കുകാരെന്നത്
അതീവ ഗൗരവമുള്ളത്
സെക്രട്ടേറിയറ്റിനു മുന്നിൽ ബോർഡ് സ്ഥാപിച്ച സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്നത് അതീവ ഗൗരവമാണെന്നും ഹൈക്കോടതി. ഇതുസംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |