SignIn
Kerala Kaumudi Online
Wednesday, 05 February 2025 9.33 PM IST

അവിവാഹിതരെ മുറിയിൽ കയറ്റാൻ മടിക്കുന്ന ഓയോ, പുതിയ നീക്കം ആരെ പേടിച്ച്? നിലപാടിന് പിന്നിലെ കാരണങ്ങൾ

Increase Font Size Decrease Font Size Print Page
oyo-rooms

അവിവാഹിതരായ പങ്കാളികൾക്ക് ഇനിമുതൽ ഓയോയിൽ മുറിയെടുക്കാൻ കഴിയില്ലെന്ന കമ്പനിയുടെ പുതിയ നിയമം കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. പുതിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളും സജീവമായിരുന്നു. ഇതിനുപിന്നാലെ ദമ്പതികൾക്ക് അനുകൂലമായ മാ​റ്റങ്ങൾ വെബ്‌സൈ​റ്റിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഓയോ. കഴിഞ്ഞ വർഷത്തോടെ ലോകത്തിൽ സാങ്കേതികപരമായും പുരോഗമനപരമായും ഏറെ മാറ്റങ്ങൾ വന്നിരുന്നു. ഇതോടെ ഓയോയും കമ്പനിയുടെ നയങ്ങളിൽ ചില മാ​റ്റങ്ങൾ വരുത്തുകയായിരുന്നു.

എന്താണ് പുതിയ നയം

ബഡ്ജറ്റിൽ ഒതുങ്ങുന്ന ഓയോ റൂമാണ് പലപ്പോഴും സുഹൃത്തുക്കളും പങ്കാളികളുമായി യാത്രപോകുന്നവർ തിരഞ്ഞെടുക്കാറുളളത്. എന്നാൽ ഇനി പുതിയ നയപ്രകാരം അവിവാഹിതരായ ദമ്പതികൾക്ക് ഓയോയിലൂടെ മുറിയെടുക്കാൻ സാധിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പാർട്ണർ ഹോട്ടലുകൾക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇൻ നയങ്ങളിലാണ് ഓയോ മാറ്റങ്ങൾ കൊണ്ടുവന്നത്. പുതിയ നയം അനുസരിച്ച് ഓയോയുടെ പാർട്ണർ ഹോട്ടലുകൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പങ്കാളികളായി എത്തുന്നവർ, അവിവാഹിതർ ആണെങ്കിൽ, അവർക്ക് പ്രവേശനം നിഷേധിക്കാനുള്ള അനുവാദമുണ്ട്.

registration

റൂമെടുക്കാനായി വരുന്ന ദമ്പതികൾ, ഹോട്ടലുകാർ ആവശ്യപ്പെട്ടാൽ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ (വിവാഹസർട്ടിഫിക്കറ്റ്) ചെക്കിൻ സമയത്ത് ഹാജരാക്കണം. ഇല്ലെങ്കിൽ ദമ്പതികൾക്ക് ബുക്കിംഗ് നിരസിക്കാനുള്ള അധികാരം പാർട്ണർ ഹോട്ടലുകൾക്ക് നൽകിയിട്ടുണ്ടെന്നാണ് ഓയോ അറിയിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തെയും സാമൂഹികമായ അവസ്ഥയെ മാനിച്ചായിരിക്കും ഈ നയം നടപ്പിലാക്കുക.

വിവാഹിതർക്ക് മാത്രം നിൽകുന്ന ഹോട്ടലുകളിൽ ദമ്പതികൾ ബന്ധം തെളിയിക്കുന്ന രേഖ കാണിക്കേണ്ടതുണ്ടതുണ്ട്. ഓൺലൈൻ ബുക്കിംഗ് നടത്തുകയാണെങ്കിലും ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഉത്തർപ്രദേശിലെ മീററ്റിലെ പാർട്ണർ ഹോട്ടലുകാരോട് പുതിയ നയം നടപ്പിലാക്കാൻ ഓയോ നിർദ്ദേശം നൽകിയിട്ടുണ്ട്. നയമാറ്റത്തിലുണ്ടാകുന്ന പ്രതികരണങ്ങളെ കണക്കിലെടുത്തായിരിക്കും ഈ നയം കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ തീരുമാനമുണ്ടാകുക.

individuals

ഓയോ പറയുന്നത്

ഓയോ ഹോട്ടലുകളിൽ അവിവാഹിതരായ ദമ്പതികൾക്ക് മുറി അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് സമീപവാസികൾ അഭ്യർത്ഥിച്ചതായും കമ്പനി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മീററ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ വിവിധ സാമൂഹിക സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെക്ക് ഇൻ പോളിസിയിൽ മാറ്റം വരുത്താൻ ഓയോ തീരുമാനിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തിന് പുറമെ സാമൂഹിക കൂട്ടായ്മകളെ കേൾക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നുമാണ് കമ്പനി പറയുന്നത്.

പുതിയ നയം കൊണ്ടുവന്നതിൽ ഓയോ നോർത്ത് ഇന്ത്യയുടെ റീജിയണൽ ഹെഡ് പവാസ് ശർമയും പ്രതികരിച്ചിട്ടുണ്ട്. 'സുരക്ഷയും ഉത്തരവാദിത്തവുമുളള രീതികൾ കൊണ്ടുവരാൻ ഓയോ പ്രതിജ്ഞാബദ്ധമാണ്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. പുതിയ നിയമം തുടർച്ചയായി നിരീക്ഷിക്കും'- പവാസ് ശർമ പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ അവിവാഹിതരായ ദമ്പതികളോ സുഹൃത്തുക്കളോ ഒരുമിച്ച് താമസിക്കുന്നത് തടയാൻ നിയമങ്ങളൊന്നുമില്ല. എന്നാൽ പലയിടങ്ങളിലും അത് തടയുന്നത് കാണപ്പെടുന്നുണ്ട്. പ്രാധാനമായും ഹോട്ടലുകളിലാണ് ഈ രീതി കാണപ്പെടുന്നത്.

കോടതിയുടെ നിലപാട്

അടുത്തിടെ മുംബയിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും നടത്തിയ പരിശോധനയിൽ ഒരുപാട് അവിവാഹിതരായ ദമ്പതികൾ അറസ്​റ്റിലായിരുന്നു. പൊലീസിന്റെ ഈ നടപടിയെ മുംബയ് ഹൈക്കോടതി വിമർശിച്ചിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 21 അനുസരിച്ച് വ്യക്തിസ്വാതന്ത്ര്യം ഹനിക്കാൻ ആർക്കും അവകാശമില്ല. മുംബയിൽ വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. 2019ൽ മദ്രാസ് ഹൈക്കോടതിയും ഇതിൽ വ്യക്തത വരുത്തിയിട്ടുണ്ട്. അവിവാഹിതരായ ദമ്പതികൾ മുറിയെടുക്കുന്നത് തടയാൻ നിയമങ്ങളൊന്നും ഇല്ലെന്നാണ് കോടതി ചുണ്ടിക്കാട്ടിയത്.

rooms

പ്രതികരണം

അവിവാഹിതരായ ദമ്പതികൾക്ക് ഓയോ മുറികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ബജ്റംഗ് ഡൽ സംഘടനയിലെ അംഗമായ തേജസ് ഗൗഡ ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസിനെ സമീപിച്ചിരുന്നു. അവിവാഹിതരായ ദമ്പതികൾ മുറിയെടുക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കൊണ്ടുവരണം എന്നാണ് തേജസ് ഗൗഡയുടെ നിലപാട്. ഇത്തരത്തിൽ മുറി അനുവദിച്ചാൽ വിവിധ തരത്തിലുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുമെന്നും ഇയാൾ പറയുന്നു.


അതേസമയം, കമ്പനിയുടെ പുതിയ നയത്തിനെതിരെ ഒരു കൂട്ടം യുവാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഓയോ കൊണ്ടുവന്ന പുതിയ നിയമം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് പറയുന്നു. ഇത് ചെറിയ ചെലവിൽ യാത്ര നടത്തുന്ന വിനോദ സഞ്ചാരികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും ഗുണം ചെയ്യില്ലെന്ന് ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിയായ മാധവ് ഗുപ്ത പറയുന്നു.

TAGS: OYO, NEW RULES, COURT ORDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.