തിരുവനന്തപുരം:കഞ്ചിക്കോട്ട് മദ്യനിർമ്മാണ ശാല തുടങ്ങാൻ സർക്കാർ അനുമതി കൊടുത്തത് ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ഒയാസിസ് കമ്പനി ഉടമയ്ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വെളിപ്പെടുത്തൽ. ഈ കമ്പനിയെ പുകഴ്ത്തിയാണ് കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ് സംസാരിച്ചതെന്നും ചൂണ്ടിക്കാട്ടി.
എന്ത് കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാൽ മതി. കമ്പനിക്ക് പ്രവർത്തനാനുമതി നൽകിയതിലൂടെ എന്താണ് അവരിൽ നിന്നു വാങ്ങിയതെന്നു മാത്രമെ വെളിപ്പെടാനുള്ളൂ. കുപ്രസിദ്ധമായ കമ്പനിക്ക് അനുമതി നൽകാനുള്ള നടപടികളിൽ നിന്നു സർക്കാർ പിൻമാറണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
ഒരു നടപടിക്രമവും പാലിക്കാതെയാണ് മദ്യനിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ അനുമതി നൽകിയത്. കമ്പനിയെ എങ്ങനെയാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് മാത്രം അനുമതി നൽകിയത്? ഇഷ്ടക്കാർക്ക് ദാനം ചെയ്യാൻ ഇത് രാജഭരണമല്ല. 26 വർഷമായി തുടരുന്ന നയത്തിന്റെ ഭാഗമായാണ് മദ്യ നിർമ്മാണ യൂണിറ്റുകൾക്ക് സംസ്ഥാനത്ത് അനുമതി നൽകാതിരുന്നത്. ആ നയം മാറ്റി ആരും അറിയാതെ രഹസ്യമായാണ് ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയിരിക്കുന്നത്.
മാലിന്യം നിക്ഷേപിച്ച് നാല് കിലോമീറ്ററിൽ അധികം വരുന്ന സ്ഥലത്തെ ഉപരിതല ജലവും ഭൂഗർഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബിൽ ഇതേ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ വിഷയം പാർലമെന്റിൽ എത്തുകയും കേന്ദ്ര മലിനീകരണ ബോർഡും കേന്ദ്ര ഭൂഗർഭ ജല ബോർഡും പ്രദേശത്ത് സന്ദർശനം നടത്തി ഗുരുതര നിയമലംഘനം നടത്തിയതായി റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്കെതിരെ കേസ് നൽകുകയും ചെയ്തിട്ടുണ്ട്. കുഴൽക്കിണറിലൂടെ മാലിന്യം തള്ളിയാണ് ഇവർ ഭൂഗർഭജലം മലിനപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ഇതാണ് എക്‌സൈസ് മന്ത്രി പറഞ്ഞ കമ്പനിയുടെ മഹത്വം.
ഒയാസിസിന് അനുമതി
നിയമം പാലിച്ച്:
മന്ത്രി രാജേഷ്
തിരുവനന്തപുരം: ഒയാസിസ് കമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡിന് കഞ്ചിക്കോട്ട് എഥനോൾ നിർമാണ പ്ലാന്റ് തുടങ്ങാൻ പ്രാരംഭാനുമതി നൽകിയത് എല്ലാ നിയമങ്ങളും പാലിച്ചെന്ന് മന്ത്രി എം.ബി രാജേഷ്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷനേതാവും മുൻപ്രതിപക്ഷനേതാവും ശ്രമിക്കുന്നത്. കമ്പനി സമർപ്പിച്ച പ്രൊപ്പോസൽ നിയമാനുസൃതം പരിശോധിച്ചാണ് അനുമതി നൽകിയത്.
മാർഗ്ഗനിർദ്ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. മറ്റാരെങ്കിലും സമീപിച്ചാൽ അതിനും ഇതേ നടപടികളിലൂടെ അനുമതി നൽകും. 9.26 കോടി ലിറ്റർ സ്പിരിറ്റാണ് കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ ഇറക്കുമതി ചെയ്തത്. ഇവിടെ തന്നെ സ്പിരിറ്റ് ഉത്പാദിപ്പിക്കുമ്പോൾ സംസ്ഥാനത്തിനാണ് പ്രയോജനം ചെയ്യുക. കോൺഗ്രസിൽ മേൽക്കൈക്ക് വേണ്ടി പോരാട്ടം മുറുകുകയാണ്. അതിന് ഈ വിഷയവും ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |