SignIn
Kerala Kaumudi Online
Sunday, 22 February 2026 5.19 PM IST

ജീവനെടുക്കുന്ന തൊഴിൽ തട്ടിപ്പ്

Increase Font Size Decrease Font Size Print Page
a

തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടി വന്ന ഇന്ത്യക്കാരിൽ മലയാളികൾ ഉൾപ്പെടെ 12 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. യുക്രെയിൻ സൈന്യത്തിന്റെ വെടിയേറ്റ് ഏറ്റവും ഒടുവിൽ ജീവൻ നഷ്ടപ്പെട്ടത് തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിൻ കുര്യനും വെടിയേറ്റിരുന്നു. ഇയാൾ മോസ്‌കോയിൽ ചികിത്സയിലാണെന്നാണ് നാട്ടിൽ ലഭിച്ചിരിക്കുന്ന വിവരം.

ഇതുവരെ 126 ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിന്റെ ഭാഗമായെന്നാണ് ഔദ്യോഗികമായി അറിയുന്നത്. ഇതിൽ 96 പേർ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. 18 പേർ ഇപ്പോഴും റഷ്യൻ സൈന്യത്തിൽ തുടരുകയാണ്. 16 പേരെക്കുറിച്ച് വിവരമില്ല. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

വലിയ വാഗ്‌ദാനങ്ങൾ നൽകി ഇലക്ട്രിക് ജോലികൾക്കും മറ്റുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മനുഷ്യക്കടത്ത് സംഘങ്ങൾ ഇവരെ റഷ്യയിൽ എത്തിക്കുന്നത്. പിന്നീട് ഒരു ഹ്രസ്വകാല ട്രെയിനിംഗ് നൽകിയതിന് ശേഷം റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കുകയാണ് ചെയ്യുന്നത്. മതിയായ ട്രെയിനിംഗ് ലഭിച്ച പ്രൊഫഷണൽ പട്ടാളക്കാർക്ക് പോലും യുദ്ധമുഖത്ത് പിടിച്ചുനിൽക്കുക പ്രയാസമാണ്. അപ്പോൾ ആധുനിക യുദ്ധസാമഗ്രികൾ കൈകാര്യം ചെയ്യാനും സുരക്ഷാമാർഗങ്ങൾ അവലംബിക്കാനും അറിവില്ലാത്തവർക്ക് വളരെ പെട്ടെന്ന് മരണത്തിന് കീഴടങ്ങാനല്ലാതെ മറ്റൊന്നും കഴിയില്ല.

ഇന്ത്യയിൽ നിന്നും റഷ്യയിലേക്ക് റിക്രൂട്ടിംഗ് നടത്തുന്നതിന് പിന്നിൽ വലിയ മനുഷ്യക്കടത്ത് മാഫിയയാണ് പ്രവർത്തിക്കുന്നത്. റഷ്യൻ പൗരത്വവും ലക്ഷങ്ങളുടെ ശമ്പളവും മറ്റുമാണ് ഇവർ വാഗ്‌ദാനം ചെയ്യുന്നത്. യുദ്ധമുഖത്തേക്കാണ് കൊണ്ടുപോകുന്നതെന്ന് തുടക്കത്തിൽ വെളിപ്പെടുത്തില്ല. റഷ്യയിൽ എത്തിച്ചതിന് ശേഷമാണ് യുദ്ധമുഖത്ത് ജോലി ചെയ്താൽ രണ്ടര മുതൽ മൂന്നര ലക്ഷം വരെ മാസ ശമ്പളം കിട്ടുമെന്ന് പറയുന്നത്. അഡ്വാൻസായി നാല് ലക്ഷത്തോളം രൂപ ബാങ്കിലിടുകയും ചെയ്യും. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ആരോഗ്യമുള്ള ചെറുപ്പക്കാരെയാണ് ഇവരുടെ ഏജന്റുമാർ വലവീശിപ്പിടിക്കുന്നത്. ചെറുപ്പക്കാരാകട്ടെ വീട്ടിലെ പ്രാരാബ്ധങ്ങൾ ഓർത്ത് മോഹന വാഗ്ദാനങ്ങളിൽ വേഗം വീണുപോവുകയും ചെയ്യും. യുദ്ധമുഖത്ത് ബങ്കറുകൾക്കായി കുഴിയെടുക്കൽ, ഭക്ഷണവിതരണം, യുദ്ധസാമഗ്രികൾ കടത്തൽ തുടങ്ങിയ ജോലികൾക്കായാണ് ഇവരെ നിയോഗിക്കുന്നത്.

മറ്റൊരു രാജ്യത്തിന്റെ കൂലിപ്പട്ടാളത്തിൽ ചേർന്ന് പ്രവർത്തിക്കുന്നത് നിയമവിരുദ്ധവും അപകടകരവുമാണ്. എത്ര മലയാളികൾ പോയിട്ടുണ്ടെന്നതിന് ഇതുവരെ കൃത്യമായ കണക്കൊന്നുമില്ല. സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണകൂടങ്ങളും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടത് ആവശ്യമാണ്. കുടുങ്ങിപ്പോയിട്ടുള്ളവരെ രക്ഷിക്കാൻ ഇന്ത്യയും അടിയന്തര ഇടപെടലുകൾ നടത്തണം. കൂലിപ്പട്ടാളത്തിലെ ഒരു വർഷത്തെ കരാർ പൂർത്തിയാക്കിയാൽ റഷ്യൻ കമ്പനികളിൽ ജോലി നൽകുമെന്നതാണ് മുഖ്യ വാഗ്ദാനം. പക്ഷേ ഭൂരിപക്ഷം പേർക്കും കരാർ അവസാനിക്കുന്നതിന് മുൻപ് ജീവൻ തന്നെ നഷ്ടപ്പെടുമെന്ന് റിക്രൂട്ടിംഗ് നടത്തുന്നവർക്കറിയാം. മാത്രമല്ല ഇതുപോലെ കരാർ പൂർത്തിയാക്കിയ എത്രപേർക്ക് റഷ്യയിൽ സ്ഥിരം ജോലി ലഭിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ചും ആധികാരികമായ യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. അതുപോലെ തന്നെ കൂലിപ്പട്ടാളത്തിൽ ചേർന്ന ആർക്കും റഷ്യൻ പൗരത്വം നൽകിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് അറിവൊന്നും ലഭിച്ചിട്ടുമില്ല.

കേരളത്തിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളെക്കുറിച്ച് പൊലീസും അന്വേഷണം നടത്തേണ്ടതാണ്. ഇത്തരം ജീവനെടുക്കുന്ന തൊഴിൽ തട്ടിപ്പ് എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് തടയപ്പെടണം.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.