കോഴിക്കോട്: നൂറു കോടിയോളം കുടിശ്ശികയെ തുടർന്ന് റേഷൻ കടകളിലേക്ക് സാധനങ്ങളുടെ വിതരണം ജനുവരി ഒന്നു മുതൽ ട്രാൻസ്പോർട്ടിംഗ് കരാറുകാർ നിറുത്തിയതോടെ റേഷൻ വിതരണം സ്തംഭനത്തിലേക്ക്. മിക്ക റേഷൻ കടകളിലും അരിയില്ല. ചില കടകളിൽ കുറച്ചു സ്റ്റോക്കുള്ളത് വിതരണം ചെയ്യുന്നത് താമസിയാതെ തീരും. ഇത് ബി.പി.എൽ. ഉൾപ്പെടെ എല്ലാ കാർഡുടമകളെയും ബാധിക്കും.
രണ്ടര മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. ഓഡിറ്റ് പൂർത്തിയാകാത്തതിനെ തുടർന്ന് കരാറുകാർക്ക് നൽകേണ്ട തുകയുടെ 10 ശതമാനവും ഇതിൽ പെടും. 10 മാസത്തിലധികമായി സിവിൽ സപ്ലൈസ് ഈ തുക പിടിച്ചു വച്ചിരിക്കുകയാണെന്ന് കരാറുകാർ പറഞ്ഞു.
സിവിൽ സപ്ലെെസ് മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് ഒക്ടോബറിലെ കുടിശ്ശിക അമ്പത് താലൂക്കുകളിലേത് നൽകി. 26 താലൂക്കുകളിലേത് നൽകാനുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലേതും നൽകിയാലേ റേഷൻ സാധനങ്ങളുടെ വിതരണം പുനരാരംഭിക്കുകയുള്ളൂവെന്ന് കേരള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. റേഷൻ വിതരണം തടസപ്പെടുന്നത് പൊതുവിപണിയിൽ അരിവില വർദ്ധിക്കാനിടയാക്കും.
അതിനിടെ കമ്മിഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ ഡീലർമാർ 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പുള്ള കമ്മിഷൻ വ്യവസ്ഥയിൽ വിലക്കയറ്റത്തിന്റെ കാലത്ത് മുന്നോട്ടുപോകാനാകില്ലെന്ന് അവർ പറയുന്നു. ഇ പോസ് മെഷിൻ വന്നപ്പോൾ സേവന, വേതന വ്യവസ്ഥ പരിഷ്കരിക്കാമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അവർ പറഞ്ഞു. റേഷൻ വ്യാപാരി കോഓർഡിനേഷൻ സമിതിയുടെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
മന്ത്രിയുടെ ചർച്ച നാളെ
റേഷൻ വ്യാപാരി സംഘടനകളുമായി മന്ത്രി ജി.ആർ.അനിൽ നാളെ ചർച്ച നടത്തും. നിയമസഭാ സമുച്ചയത്തിലെ മന്ത്രിയുടെ ചേംബറിൽ ഉച്ചയ്ക്ക് 12നാണു ചർച്ച.
കുടിശ്ശിക കിട്ടാത്തതിനാൽ കയറ്റിറക്ക് തൊഴിലാളികൾക്ക് ഉൾപ്പെടെ പണം കൊടുക്കാനാകുന്നില്ല. സർക്കാർ ഉടൻ പ്രശ്നം പരിഹരിക്കണം.
- ഫഹദ് ബിൻ ഇസ്മയിൽ
സംസ്ഥാന ജന. സെക്രട്ടറി
കേരള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |