ന്യൂഡൽഹി: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സഞ്ജയ് റോയിക്കെതിരെ 66 ദിവസം നടന്ന രഹസ്യ വിചാരണയിൽ, സി.ബി.ഐ നിരത്തിയത് നിർണായക തെളിവുകൾ.
ഇതിൽ ഡി.എൻ.എ, ഇരയുടെ ഉമിനീർ സ്രവ സാമ്പിളുകളും ഉൾപ്പെടുന്നു. മാനഭംഗത്തിനിടെയുള്ള മൽപിടുത്തത്തിൽ പ്രതിയ്ക്കുണ്ടായ ആഴത്തിലുള്ള അഞ്ച് മുറിവുകൾ നിർണായകമായി. സഞ്ജയ് റോയുടെ ഫോണുമായി ബന്ധിപ്പിച്ച ബ്ളൂ ടൂത്ത് ഉപകരണം സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നു. ഇയാളെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയനാക്കി. സി.ബി.ഐ 45 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
തന്നെ കുടുക്കിയത്: പ്രതി
താൻ നിരപരാധിയാണെന്നും കുടുക്കിയതാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. മാനഭംഗം നടത്തിയത് താനായിരുന്നെങ്കിൽ കഴുത്തിൽ കിടന്ന രുദ്രാക്ഷ മാല പൊട്ടുമായിരുന്നു. കുറ്റകൃത്യം ചെയ്യാൻ കഴിയില്ല. ഒരു ഐ.പി.എസ് ഓഫീസർക്ക് പങ്കുണ്ടെന്നും റോയ് പറഞ്ഞു.
പോരാട്ടം തുടരുമെന്ന് പിതാവ്
സഞ്ജയ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത് സ്വാഗതം ചെയ്‌തെങ്കിലും കേസിൽ വേറെയും പ്രതികളുണ്ടെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ പറഞ്ഞു. ഡി.എൻ.എ റിപ്പോർട്ടിൽ നാല് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും സാന്നിദ്ധ്യം തെളിഞ്ഞിട്ടുണ്ട്. കേസ് പൂർത്തിയായിട്ടില്ല. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർ ശിക്ഷിക്കപ്പെടുന്ന ദിവസത്തിനായി ഞങ്ങൾ ഉറങ്ങാതെ കാത്തിരിക്കും. നീതിക്കുവേണ്ടിയുള്ള പോരാട്ടം ജീവിതാവസാനം വരെ തുടരും.രാജ്യത്തെ ജനങ്ങളുടെ പിന്തുണയും തേടും. സി.ബി.ഐ കേസിൽ ഒന്നും ചെയ്തിട്ടില്ല. കോടതികൾക്ക് മുന്നിൽ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പക്ഷേ കോടതി എല്ലാ ഉത്തരവാദിത്വവും സി.ബി.ഐക്ക് നൽകി -അദ്ദേഹം പറഞ്ഞു.
സഞ്ജയ് കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച സെഷൻസ് കോടതിയുടെ വിധിയെ സ്വാഗതം ചെയ്‌ത് ബംഗാളിലെ മുതിർന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
അപ്പീൽ നൽകില്ലെന്ന്
സഹോദരി
വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് പ്രതിയുടെ സഹോദരി. കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ, അയാൾക്ക് ശരിയായ ശിക്ഷ ലഭിക്കണം. ഉത്തരവിനെ വെല്ലുവിളിക്കില്ല. കേസ് തങ്ങളുടെ കുടുംബത്തെ തകർത്തു.
സഹോദരൻ മദ്യപാനിയായിരുന്നെങ്കിലും സ്‌ത്രീകളോട് മോശമായി പെരുമാറിയതായി അറിയില്ല. കുറച്ച് വർഷങ്ങളായി ബന്ധമില്ലായിരുന്നു. അതിനാൽ മറ്റു കാര്യങ്ങൾ അറിയില്ലെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |