□ഇന്ന് യോഗം ചേരും
പാലക്കാട്: കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയിൽ സ്വകാര്യ കമ്പനിക്ക് മദ്യനിർമ്മാണശാല അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കി എലപ്പുള്ളി ഗ്രാമപഞ്ചായത്ത്. വിഷയം ചർച്ച ചെയ്യാൻ ഇന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുള്ള പ്രമേയം സർക്കാറിന് കൈമാറുമെന്ന് പ്രസിഡന്റ് കെ. രേവതി ബാബു മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെപ്പോലും അറിയിച്ചില്ല. 26 ഏക്കർ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ടു വർഷം മുമ്പാണ് ഇതിനായി പ്രദേശത്ത് കമ്പനി സ്ഥലം വാങ്ങിയത്. ആറു മാസം മുമ്പ് വ്യവസായ വകുപ്പിൽ നിന്ന്, നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടോയെന്ന് ഓൺലൈൻ യോഗത്തിൽ ചോദിച്ചിരുന്നതായി സെക്രട്ടറി പറഞ്ഞിരുന്നു. കനാൽ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ഗ്രൗണ്ട് വാട്ടർ ലെവൽ കുറയുന്നത് പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം
വരുത്തും.
ബ്രുവറി:ക്രമക്കേടില്ലെന്ന്
മന്ത്രി എം.ബി.രാജേഷ്
പാലക്കാട്: ഒയാസിസ് കമേർഷ്യലിന് പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയതിനെതിരായ പ്രതിപക്ഷ വിമർശനത്തിന്പിന്നിൽ രാഷ്ട്രീയമെന്ന് മന്ത്രി എം.ബി.
രാജേഷ് ആരോപിച്ചു.
എല്ലാ കാര്യത്തിലും വ്യക്തത വരുത്തും.. എല്ലാ പരിശോധനകൾക്കും ശേഷമാണ് എഥനോൾ നിർമ്മാണ പ്ലാന്റിന് അനുതി നൽകിയത്. ഒരു തരത്തിലും ജലചൂഷണം അനുവദിക്കില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.അതേസമയം പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തേക്ക് ഇന്നലെ കോൺഗ്രസും ബി.ജെ.പിയും മാർച്ച് നടത്തുകയും സ്ഥലത്ത് കൊടികുത്തി പ്രതിഷേധിക്കുകയും ചെയ്തു. വി.കെ.ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കം കോൺഗ്രസ് പ്രവർത്തകരാണ് കൊടി കുത്തിയത്. പ്രദേശവാസികളും പങ്കെടുത്തു.
അഴിമതി തന്നെ:
വി.ഡി.സതീശൻ
തിരുവനന്തപുരം:സുതാര്യമല്ലാത്ത ഇടപാടുകൾ മാത്രം നടത്തിയിട്ടുള്ള കമ്പനിക്ക് മദ്യനിർമ്മാണ പ്ളാന്റിന് അനുമതി നൽകിയതിന് പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.പ്രതിപക്ഷത്തിന്റെ ഒരു ചോദ്യത്തിനും മറുപടി പറയാത്ത മന്ത്രി , വിവാദ മദ്യകമ്പനിയുടെ പ്രൊപ്പഗൻഡ മാനേജരെ പോലെയാണ് സംസാരിക്കുന്നതെന്ന്
സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു..
മദ്യ നയത്തിൽ മാറ്റം വരുത്തിയത് മദ്ധ്യപ്രദേശിലും പഞ്ചാബിലും പ്രവർത്തിക്കുന്ന ഈ കമ്പനി അല്ലാതെ രാജ്യത്തെ മറ്റൊരു കമ്പനിയും അറിഞ്ഞിട്ടില്ല. എന്നിട്ടാണ് ഈ കമ്പനിയുടെ മാത്രം അപേക്ഷയെ കിട്ടിയിട്ടുള്ളൂവെന്ന് മന്ത്രി പറഞ്ഞത്. എന്ത് രഹസ്യമാണ് ഇതിന് പിന്നിലുള്ളത്? പാലക്കാട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആറു ദിവസം കഴിഞ്ഞാണ് ഫയൽ മുഖ്യമന്ത്രിയുടെ കൈയ്യിലേക്കെത്തുന്നത്. കോളജ് തുടങ്ങാനെന്ന പേരിൽ എലപ്പുള്ളിയിൽ പഞ്ചായത്തിനെ വരെ പറ്റിച്ച് രണ്ട് വർഷം മുൻപാണ് ഈ കമ്പനി ഭൂമി വാങ്ങിയത്. അപ്പോൾ ഈ കമ്പനിയുമായുള്ള ഡീൽ നേരത്തെ തന്നെ തുടങ്ങിയതാണ്.
കൂത്താട്ടുകുളത്ത് തിരഞ്ഞെടുക്കപ്പെട്ട വനിതാ കൗൺസിലറെ തട്ടിക്കൊണ്ടു പോയിട്ട് ഇതുവരെ ഒരാളെ പോലും അറസ്റ്റു ചെയ്തിട്ടില്ല. പാർട്ടിയുടെ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടു പോയത്. സി.പി.എമ്മുകാരാണ് സി.പി.എമ്മുകാരനായ സലീമിനെ കൊന്നതെന്ന വെളിപ്പെടുത്തലും വന്നിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |