രാജ്യത്ത് അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾ സംരംഭകരാകുന്ന പ്രവണത വർദ്ധിച്ചു വരുന്നു. നിരവധി സ്റ്റാർട്ടപ്പുകളാണ് ക്യാമ്പസുകളിൽ രൂപപ്പെടുന്നത്. ദേശീയ, സംസ്ഥാന തലങ്ങളിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളുണ്ട്. 18 വയസ് പൂർത്തിയായവർക്ക് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിൽ ധനസഹായത്തിനപേക്ഷിക്കാം. സ്റ്റാർട്ടപ്പ് ഇന്ത്യ സ്കീമിൽ 10 ലക്ഷം രൂപ വരെ ലഭിക്കും.സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ടിലൂടെ സംരംഭങ്ങൾ വികസിപ്പിക്കാം. ഏയ്ഞ്ചൽ, വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകൾ, ബാങ്ക് വായ്‌പ എന്നിവ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.കേന്ദ്ര കാർഷിക മന്ത്രാലയം ഇനവേഷൻ ആൻഡ് അഗ്രി സംരംഭകത്വ പദ്ധതി രാഷ്ട്രീയ കൃഷി വികസന യോജനയുടെ ഭാഗമായി നടപ്പിലാക്കിവരുന്നു.
ഇതിലൂടെ സംരംഭകത്വത്തിനും അഗ്രിബിസിനസിനും ഉതകുന്ന നിരവധി പദ്ധതികളുണ്ട്. ഇതിലുൾപ്പെടുത്തി സ്റ്റാർട്ടപ്പുകൾക്കു സീഡ് ഫണ്ടുകൾ, സംരംഭകത്വ ബോധവത്കരണം, മികച്ച ആശയങ്ങൾക്കുള്ള പ്രോത്സാഹനം, പ്രീ സീഡ് ഫണ്ടുകൾ എന്നിവ ലഭിക്കും. 25 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. കാർഷിക മേഖലയിൽ സംസ്കരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ അഗ്രിക്കൾച്ചർ, യന്ത്രവത്കരണം, മാലിന്യ സംസ്കരണം, ക്ഷീര, ഫിഷറീസ് മേഖലകൾക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക സഹായത്തിനായി റഫ്‌ത്താർ അഗ്രിബിസിനസ്സ് ഇൻക്യൂബേറ്ററുകളുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് രണ്ടു മാസം വരെയുള്ള പരിശീലനം ലഭിക്കും.
അഗ്രിക്കൾച്ചർ ഗ്രാൻഡ് ചാലഞ്ചിലൂടെ മികച്ച ആശയ രൂപീകരണം, ഇൻക്യൂബേഷൻ, ആക്സിലറേഷൻ, മറ്റു സേവന സൗകര്യങ്ങൾ ലഭിക്കും.അഗ്രിക്കൾച്ചർ ആക്സിലറേറ്റർ ഫണ്ടിലൂടെ അഞ്ചു മുതൽ 25 ലക്ഷം രൂപ വരെ സഹായം ലഭിക്കും. ഐഡിയ, പ്രീ സീഡ് ഘട്ടത്തിൽ 5 ലക്ഷം രൂപയും, സീഡ് ഫണ്ടായി 25 ലക്ഷം രൂപയും ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് സേവന ലഭ്യത ഉറപ്പുവരുത്താൻ അറിവ് പങ്കാളി, അഗ്രി ബിസ്സിനസ്സ് ഇൻക്യൂബേറ്റർ എന്നിവയുണ്ട്.
നബാർഡിന്റെ കീഴിലുള്ള നാബ് കിസാൻ അഗ്രി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിച്ചു വരുന്നു. ഉത്പന്ന വികസനം, വിപണനം, ടെസ്റ്റിംഗ്, ഉപദേശക സംവിധാനം, കൺസൾട്ടൻസി മുതലായ സേവനങ്ങളും നൽകി വരുന്നു. 40 -50 ലക്ഷം രൂപ വരെ സ്റ്റാർട്ടപ്പുകൾക്കായി വിപുലീകരണത്തിന് വായ്പ ആക്സിലറേറ്റർ ഫണ്ടിലൂടെ ലഭിക്കും.
കേരള സ്റ്റാർട്ടപ്പ് മിഷനും നിരവധി പദ്ധതികളുണ്ട്.
വനിതാ സംരംഭകർക്ക് വായ്‌പ, അന്താരാഷ്ട്ര തലത്തിൽ സ്റ്റാർട്ടപ്പുകൾക്കുള്ള ഇമെർഷൻ പദ്ധതി, അന്താരാഷ്ട്ര സഹകരണം, ഗ്രാമീണ ഇനവേഷൻസിനു പ്രോത്സാഹനം, സ്റ്റാർട്ടപ്പുകൾ എളുപ്പത്തിൽ വിജയിക്കാനുള്ള സഹായം, ആക്‌സിലറേറ്റർ ഫണ്ട്, സീഡ് ഫണ്ട്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, വാടക സബ്സിഡി, വിപണന സഹായം, സംരംഭകത്വ വികസനം, പരിശീലനം മുതലായവ ഇവയിൽ ചിലതാണ്. കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ടെക്നോളജി ബിസിനസ്സ് ഇൻക്യൂബേഷൻ കേന്ദ്രങ്ങളുണ്ട്. കേരള കാർഷിക സർവകലാശാല , വെള്ളാനിക്കര, തൃശൂർ , മലബാർ ഇനവേഷൻ സോൺ, കല്യാശ്ശേരി, കണ്ണൂർ, എൻ.ഐ.ടി കോഴിക്കോട്, സംസ്ഥാനത്തെ ഐ.ടി പാർക്കുകൾ , കോഴിക്കോടുള്ള യൂ എൽ സൈബർ പാർക്ക്, സർക്കാർ സൈബർ പാർക്ക്, എം ജി യൂണിവേഴ്സിറ്റി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |