കൊല്ലം: ഓൺലൈൻ പെയ്‌മെന്റ് നടത്താൻ കഴിയാതെ വന്നപ്പോൾ ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ട യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ. കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയാണ് സൈബർ തട്ടിപ്പിന് ഇരയായത്.
സംഭവത്തിൽ ജാർഖണ്ഡ് ജാംതാര കർമ്മ താർ സ്വദേശി അക്തർ അൻസാരിയാണ് (27) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ടെലി മാർക്കറ്റിംഗ് കോളിലൂടെ വ്യക്തികളെ വലയിലാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ഗൂഗിളിൽ പ്രതി ഉൾപ്പെട്ട തട്ടിപ്പ് സംഘം നൽകിയിരുന്ന വ്യാജ കസ്റ്റമർ കെയർ നമ്പറിലേക്കാണ് യുവതി വിളിച്ചത്. സഹായിക്കാമെന്ന വ്യാജേന നിർദ്ദേശങ്ങൾ നൽകി ഒ.ടി.പി പാസ്‌വേർഡ് ഉൾപ്പടെ കൈകലാക്കിയാണ് പണം തട്ടിയത്. തട്ടിപ്പ് നടത്തിയ ശേഷം ഉപേക്ഷിച്ച ഒരു സിം കാർഡിന്റെ സ്വിച്ച് ഒഫ് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് അന്വേഷണ സംഘം ജാർഖണ്ഡിലെത്തി.
എന്നാൽ ഗ്രാമത്തിലേക്ക് സംശയാസ്പദമായി പുറത്ത് നിന്ന് ആരു വന്നാലും വിവരങ്ങൾ ഉടൻ തട്ടിപ്പുകാർക്ക് ലഭിക്കുമായിരുന്നു. ഇത് മനസിലാക്കിയ പൊലീസ് സംഘം 13 ദിവസം ഇവിടെ താമസിച്ച് കാര്യങ്ങൾ രഹസ്യമായി നിരീക്ഷിച്ച ശേഷം ഇന്നലെ പുലർച്ചയോടെ അതി സാഹസികമായി പ്രതിയെ പിടികൂടുകയുമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പ് സംഘത്തിന് വെബ്‌സൈറ്റ് നിമ്മിച്ചു നൽകിയ ജാർഖണ്ഡ് റാഞ്ചി സ്വദേശി ആശിഷ് കുമാർ, സംഘത്തലവനും ബംഗാൾ സ്വദേശിയും ഇപ്പോൾ ജാർഖണ്ഡിൽ താമസക്കാരനുമായ ഹർഷാദ്, വ്യാജ സിമ്മുകൾ,ഐഡി കാർഡുകൾ എന്നിവ നിർമ്മിച്ചു നൽകുന്ന ബംഗാൾ സ്വദേശി ബബ്ലു എന്നിവരെയും തിരിച്ചറിഞ്ഞു.
കൂടാതെ ജാർഖണ്ഡിന് പുറത്ത് എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ തട്ടിപ്പ് സംഘത്തെ സഹായിക്കുന്ന സൽമാനെയും ഇയാളുടെ സഹായികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൃത്യമായി വീതിച്ച് നൽക്കുന്നതാണ് ഇവരുടെ രീതി. ഇത് കൂടാതെ ഇങ്ങനെ കിട്ടുന്ന പണം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചാൽ അന്വേഷണ ഏജൻസികൾ കണ്ടുപിടിക്കും എന്നതുകൊണ്ട് ഗ്രാമീണരുടെ പേരിൽ എൻ.എസ്.ഡി.എൽ അക്കൗണ്ട് തുടങ്ങിയാണ് പണം കൈമാറ്റം ചെയ്യുന്നത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു, എസ്.ഐമാരായ കണ്ണൻ, ഷാജിമോൻ, എസ്.സി.പി.ഓ ഹാഷിം, കൊല്ലം സിറ്റി സൈബർ പൊലീസ് എസ് ഐ നിയാസ്, സി.പി.ഒമാരായ ഫിറോസ്, ഇജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
തട്ടിപ്പ് രീതി
ഗൂഗിളിൽ നാഷണലൈസ്ഡ് ബാങ്കുകളുടെയും കൊറിയർ സർവീസുകളുടെയും മറ്റും കസ്റ്റമർ കെയർ എന്ന വ്യാജേന പ്രതികൾ തങ്ങളുടെ നമ്പരുകൾ പ്രദർശിപ്പിക്കും.
നമ്പറിൽ ബന്ധപ്പെടുന്നവർക്ക് സാങ്കേതിക സഹായത്തോടെ നിർമ്മിച്ച വ്യാജ വെബ്‌സൈറ്റുകളുടെ വിലാസം നൽകും.
തുടർന്ന് ലോഗിൻ ചെയ്യിപ്പിച്ച് എ.പി.കെ ഫയലുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കും.
ലോഗിൻ വിവരങ്ങളും മറ്റും ചോർത്തിയെടുത്ത് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കും.
ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് അക്കൗണ്ട് വഴി പരസ്യങ്ങൾ നൽകിയും തട്ടിപ്പ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |