തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളേജുകളിൽ ബി.എസ്.സി നഴ്സിംഗ് കോഴ്സിന്റെ പ്രവേശന തീയതി 28വരെ നീട്ടിയെന്ന് കാട്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ സർക്കുലർ പ്രചരിക്കുന്നു. സീറ്റുകൾ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ഏജന്റുമാരാണ് ഇതിനുപിന്നിൽ. നഴ്സിംഗ് കോളേജ് പ്രതിനിധികൾ ആരോഗ്യവകുപ്പുമായി സംസാരിച്ച് പ്രവേശന നടപടികൾ നീട്ടിയെന്ന് പ്രചാരണം നടത്തിയതിന് പിന്നാലെയാണ് വ്യാജ സർക്കുലറും പുറത്തിറക്കിയത്.
നവംബർ ആറിന് ക്ലാസുകൾ തുടങ്ങി. നവംബർ 30ന് അഡ്മിഷൻ നടപടികൾ അവസാനിച്ചു. എന്നിട്ടും പ്രവേശനം കിട്ടാതെ വന്നതോടെ പണം കൊടുത്ത വിദ്യാർത്ഥികൾ ആശങ്കയിലായി.
ഇവർ ബഹളം വച്ചതോടെയാണ് ഏജന്റുമാരുടെ വ്യാജ പ്രചാരണം. ഇതിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
ഡിസംബർ ഒന്നിനുശേഷം പ്രവേശനം നേടുന്ന കുട്ടികളെ രണ്ടാം ബാച്ചായി പരിഗണിച്ച് നഷ്ടപ്പെട്ട ക്ലാസുകൾ പ്രത്യേകമായി നൽകി ജൂൺ ആദ്യവാരം ആദ്യസെമസ്റ്റർ പരീക്ഷ നടത്തുമെന്നും ഏജന്റുമാരുടെ വ്യാജ അറിയിപ്പിൽ പറയുന്നു. തിരഞ്ഞെടുത്ത 29 സ്വകാര്യ കോളേജുകളുടെയും അവിടങ്ങളിൽ ഹാജരാകേണ്ട ദിവസവും ബന്ധപ്പെടാനുള്ള പ്രിൻസിപ്പൽമാരുടെ പേരുകളും പ്രചരിപ്പിക്കുന്നുണ്ട്.
വിദ്യാർത്ഥികൾക്ക്
ഒരു വർഷം നഷ്ടം
ഏജന്റുമാരെ വിശ്വസിച്ച് ലക്ഷങ്ങൾ നൽകിയ വിദ്യാർത്ഥികൾക്ക് പ്രവേശനം കിട്ടില്ലെന്ന് ഉറപ്പായതോടെ ഒരു വർഷം നഷ്ടമാകും. ഇനി അടുത്ത കൊല്ലത്തെ പ്രവേശത്തിനുമാത്രമേ അപേക്ഷ നൽകാനാകൂ. മറ്റ് കോഴ്സുകളിലെ പ്രവേശന നടപടികളും പൂർത്തിയായതിനാൽ അവയിലും ചേരാനാകില്ല.
വാങ്ങിയത് 5 ലക്ഷംവരെ
ബി.എസ്.സി നഴ്സിംഗ് സീറ്റൊന്നിന് അഞ്ചുലക്ഷം വരെയാണ്
ഏജന്റുമാർ വാങ്ങിയത്. ആറുമാസം മുമ്പേ പണം വാങ്ങി. സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ നഴ്സിംഗ് കോളേജുകളും പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ കേരളയുടെ ഭാഗമാണ്. ഇവർ ഓൺലൈനായി അപേക്ഷ ക്ഷണിച്ച് മാർക്ക് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് പ്രവേശനം നടത്തുന്നത്. ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ കോളേജുകളിലും സമാന രീതിയാണ്. സംഘടനകളുടെ ഭാഗമല്ലാത്ത ചെറിയൊരു ശതമാനം കോളേജുകൾ മാത്രമാണ് സ്വന്തംനിലയിൽ പ്രവേശനം നടത്തുന്നത്. ഇവയുടെയൊക്കെ പേരിലാണ് ഏജന്റുമാർ പണം വാങ്ങിയത്.
125
സ്വകാര്യ നഴ്സിംഗ് കോളേജുകൾ
7613
ആകെ സീറ്റുകൾ
3806
മാനേജ്മെന്റ് സീറ്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |