തിരുവനന്തപുരം:ശൈത്യകാലത്തും സംസ്ഥാനത്ത് ചൂടേറുന്നു. പതിവ് താപനിലയിൽ നിന്ന് രണ്ട് മുതൽ 4 ഡിഗ്രി വരെയാണ് ഉയർന്നിരിക്കുന്നത്. മലയോര മേഖലകളിലടക്കം പകൽ 32- മുതൽ 37 ഡിഗ്രി സെൽഷ്യസ് ചൂടാണ്. രാത്രി 23-25 ഡിഗ്രിയുമാണ്.
രാജ്യത്തുതന്നെ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്.37.2 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ വർഷം ഡിസംബർ, ജനുവരി മാസങ്ങളിൽ താപനില 37.5 വരെ ഉയർന്നിരുന്നു.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭപ്പെടാറുള്ള ചൂടാണ് ശൈത്യകാലത്തും അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷകർ പറയുന്നത്.
ജനുവരിയിൽ മഴ സാദ്ധ്യതയില്ല. ജലാശയങ്ങളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നു തുടങ്ങുമെന്ന ആശങ്കയുമുണ്ട്.കാലാവസ്ഥ വ്യതിയാനവും ആഗോള താപനത്തിന്റെ സ്വാധീനമാണ് ശൈത്യകാലത്ത് ചൂട് കൂടാൻ കാരണം.
ശൈത്യകാലത്ത് തണുപ്പ് ലഭിക്കുന്നത് വടക്കൻ കാറ്റ് വീശുമ്പോഴാണ്. ഇത്തവണ അത് ഉണ്ടായില്ല. എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനവും താപനില വർദ്ധിക്കാൻ കാരണമായി.
അന്തരീക്ഷ ആർദ്രത കാരണം അമിതചൂട്
താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആർദ്രത വർദ്ധിക്കുന്നത് യഥാർത്ഥത്തിൽ ഉള്ളതിനെക്കാൾ കൂടിയ ചൂട് അനുഭവപ്പെടാൻ കാരണമാകും. ഈർപ്പത്തിന്റെ അളവ് കൂടുതലുള്ള തീരപ്രദേശങ്ങളിൽ പകൽ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.
വേനലിൽ പൊള്ളും
വേനലിന് കഴിഞ്ഞ തവണത്തേക്കാൾ കാഠിന്യമേറുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ.കഴിഞ്ഞ വർഷം 42 ഡിഗ്രി വരെ ചൂട് ഉയർന്നത് ഉഷണതരംഗത്തിന് വഴി വച്ചിരുന്നു.
വേനൽ മഴ അല്പാശ്വസം തരുമെന്നും വിലയിരുത്തുന്നുണ്ട്.
ഇന്നലത്തെ ഉയർന്ന ചൂട്
(ഡിഗ്രി സെൽഷ്യസിൽ)
കണ്ണൂർ വിമാനത്താവളം............................ 37.5
കണ്ണൂർ നഗരം................................................ 36.2
തിരുവനന്തപുരം നഗരം...............................33.6
കോഴിക്കോട്....................................................33.2
കോട്ടയം.............................................................35
പുനലൂർ............................................................33.6
താപനില കൂടതലാണ്.അടുത്ത ദിവസങ്ങളിൽ കുറയാൻ സാദ്ധ്യതയില്ല.വടക്കൻ കാറ്റ് സ്വാധീനമില്ലാത്തതും കാരണമാണ്.നീതാ കെ ഗോപാൽ കേരള കാലാവസ്ഥ കേന്ദ്രം മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |