ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്ന് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതിർത്തിരക്ഷാ സേന കടുത്ത നടപടികൾ സ്വീകരിച്ചുതുടങ്ങി. അതിർത്തിയിൽ ഭീകരർ തുരങ്കങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് അത് ചെറുക്കാനുള്ള നടപടികൾക്കാണ് മുൻതൂക്കം നൽകുന്നത്. ഇതിനായുള്ള ശ്രമങ്ങൾ അതിർത്തിരക്ഷാ സേന മാസങ്ങൾക്കുമുമ്പുതന്നെ ആരംഭിച്ചിരുന്നു.
അതിർത്തികടന്നുള്ള തുരങ്കങ്ങൾ നിർമ്മിക്കുന്നത് ശാസ്ത്രീയമായി തടയാനുള്ള മാർഗങ്ങളാണ് സേന കൂടുതലായും സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. തുരങ്ക നിർമ്മാണത്തിന് സാദ്ധ്യത കൂടിയ സ്ഥലങ്ങളെപ്പറ്റി നേരത്തേ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.
പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ മുപ്പത്തിമൂന്ന് കിലോ മീറ്റർ ഭാഗത്ത് തുരങ്കങ്ങൾ വഴിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി കിടങ്ങുകൾ കുഴിക്കുന്നുണ്ട്. ഇതിൽ ഇരുപത്തഞ്ചുകിലോമീറ്റർ ഭാഗത്ത് നിർമ്മാണം പൂർത്തിയായി. ശേഷിക്കുന്ന ഭാഗത്തെ കിടങ്ങുനിർമ്മാണവും ഉടൻ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്. നൂതന യന്ത്രസംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. നാലടി വീതിയും പത്തടി ആഴവുമുള്ള കിടങ്ങുകളാണ് അതിർത്തിയിൽ നിർമ്മിക്കുന്നത്.
ജമ്മു, സാംബ, കത്വ എന്നിവിടങ്ങളിലെ അതി നിർണായകമായ പ്രദേശങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. നേരത്തേ ഈ പ്രദേശങ്ങളിൽ ചില തുരങ്കങ്ങൾ കണ്ടെത്തിയിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലായി ഇന്ത്യ പാകിസ്ഥാനുമായി 3,323 കിലോമീറ്റർ കര അതിർത്തി പങ്കിടുന്നുണ്ട്.
സൈന്യം സർവശക്തിയും എടുത്ത് അടിക്കാൻ തുടങ്ങിയതോടെ അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റവും ഭീകരപ്രവർത്തനവും അല്പമൊന്ന് കുറഞ്ഞിരുന്നതാണ്. എന്നാൽ അടുത്തിടെയായി അത് വീണ്ടും വർദ്ധിച്ചിട്ടുണ്ട്.
നുഴഞ്ഞുകയറ്റം സൈന്യം തകർക്കുമെന്നതിനാൽ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് ആയുധങ്ങളും മറ്റും കടത്താനാണ് പാകിസ്ഥാൻ ഇപ്പോൾ കൂടുതലും ശ്രമിക്കുന്നത്. 257 ഡ്രോണുകളാണ് കഴിഞ്ഞവർഷം ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇതോടെ അതിർത്തി രക്ഷാ സേന ആന്റി-ഡ്രോൺ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഇതിനൊപ്പം
പ്രദേശങ്ങളിൽ ശക്തമായ നിയന്ത്രണം നിലനിർത്തുന്നതിനായി ആന്റി-ഇൻഫിൽട്രേഷൻ റോളുകളിൽ കൂടുതൽ ബറ്റാലിയനുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.കൂടുതൽ മികച്ച നിരീക്ഷണത്തിനായി സിസിടിവി/പിടിസെഡ്, ബുള്ളറ്റ് ക്യാമറകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |