മുംബയ്: ആറ് കുത്തേറ്റു. നട്ടെല്ലിൽ ആഴത്തിൽ മുറിവ്. അതിൽ ഒടിഞ്ഞിരുന്നത് കത്തിയുടെ നീളമുള്ള അഗ്രം. മണിക്കൂറുകൾ നീണ്ട സർജറി.
അതീവ ഗുരുതരമായിട്ടും നടൻ സെയ്ഫ് അലിഖാൻ അഞ്ചാം നാൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. ഇപ്പോൾ ഓടി നടക്കുന്നു! അവിശ്വസനീയം. സത്യത്തിൽ നടന്നതെന്ത്? വിവാദം കൊഴുക്കുന്നു. സംശയങ്ങൾ ശക്തമാകുന്നതിനിടെ സെയ്ഫിനെ പ്രവേശിപ്പിച്ച ആശുപത്രി രേഖകളിലെയും മൊഴികളിലെയും വൈരുദ്ധ്യങ്ങളും ചർച്ചയാകുന്നു. പുലർച്ചെ 2.30ന് ആക്രമണം നടന്നെന്നാണ് സെയിഫിന്റെ മൊഴി. ഫ്ലാറ്റിൽ നിന്ന് 15 മിനിട്ട് മതി സെയ്ഫിനെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിലെത്താൻ. എന്നാൽ, ആശുപത്രി രജിസ്റ്ററിൽ സെയ്ഫിനെ പ്രവേശിപ്പിച്ച സമയം 4.11. ഒന്നേമുക്കാൽ മണിക്കൂർ എടുത്തു ആശുപത്രിയിലെത്തിക്കാൻ.
എട്ട് വയസുള്ള മകൻ തൈമൂറാണ് സെയ്ഫിനൊപ്പം ഉണ്ടായിരുന്നതെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ, സെയ്ഫിനൊപ്പം മൂത്തമകൻ ഇബ്രാഹിം അലി ഖാനാണ് വന്നതെന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ. തീർന്നില്ല, സെയ്ഫിനെ എത്തിച്ചത് അദ്ദേഹത്തിന്റെ മാനേജർ അഫ്സർ സെയ്ദി എന്നാണ് ആശുപത്രി രേഖ. സെയിഫിന് മാരകമായ ആറ് മുറിവുകളുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ആശുപത്രി രേഖയിലുള്ളത് അഞ്ച് കുത്തുകൾ.
25 ലക്ഷം ഇൻഷ്വറൻസ് ഉടൻ
ഇൻഷ്വറൻസ് തുക സംബന്ധിച്ചും വിവാദമുയർന്നു. 35.95 ലക്ഷം രൂപയാണ് സെയ്ഫ് ആവശ്യപ്പെട്ടത്. 25 ലക്ഷം രൂപ കമ്പനി മൂന്നാംനാൾ നൽകി. ആശുപത്രി ചെലവ് 26 ലക്ഷം രൂപയെന്ന് കുടുംബം പറയുന്നു. അപ്പോൾ താരത്തിന് ചെലവ് ഒരു ലക്ഷം മാത്രം.
യഥാർത്ഥ പ്രതിയെ തന്നെയാണോ പൊലീസ് പിടികൂടിയതെന്നതിലും സംശയം ഉയർന്നു. സി.സി ടിവിയിൽ പതിഞ്ഞത് മകനല്ലെന്നും വ്യാജ തെളിവുണ്ടാക്കി കുടുക്കിയതാണെന്നും പ്രതിയുടെ പിതാവ് പറയുന്നു. അതേസമയം, പ്രതി ഇസ്ലാം ഷെഹ്സാദിനെ പൊലീസ് ഇന്നലെ മുംബയ് കോടതിയിൽ ഹാജരാക്കി. കസ്റ്റഡി 29 വരെ നീട്ടി.
ആക്രമണം നാടകമാണോയെന്ന് സംശയിക്കുന്നു. നട്ടെല്ലിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ നടൻ ആശുപത്രിവിട്ടപ്പോൾ നൃത്തം ചെയ്യുംപോലെ നടന്നാണ് വീട്ടിലെത്തിയത്
നിതേഷ് റാണെ,
മഹാരാഷ്ട്ര മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |