സാമ്പത്തിക, ശാസ്ത്ര, സൈനിക, ജനാധിപത്യ ശക്തിയായി ഇന്ത്യ ലോക രാജ്യങ്ങളുടെ മുൻനിരയിലേക്ക് ഉയർന്ന് വരുന്നതിനിടെ ഇന്ന് രാജ്യം എഴുപത്തിയാറാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുകയാണ്. പൗരന്മാർക്ക് രാജ്യത്തോടുള്ള കടമയും രാജ്യം പൗരന്മാരോടു പുലർത്തേണ്ട നീതിയും ഓർമ്മിപ്പിക്കപ്പെടുന്ന ദിനം കൂടിയാണിത്.
ലോകത്ത് എഴുതപ്പെട്ടതിൽ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയിലേതാണ്. ജനങ്ങൾ ജനങ്ങൾക്കായി സമർപ്പിച്ച ആ ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26നാണ്. അന്നുമുതൽ ഓരോ ജനുവരി 26നും ഇന്ത്യ റിപ്പബ്ളിക് ദിനം സമുചിതമായി ആഘോഷിച്ചുവരുന്നു. നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും വളർച്ചയും ശക്തിയും സൗഹൃദവും ലോകത്തോട് വെളിപ്പെടുത്തുന്ന സന്ദർഭങ്ങൾ കൂടിയാണ് റിപ്പബ്ലിക് ദിനാഘോഷ വേളകൾ. ഇന്ത്യ ഭരിക്കപ്പെടേണ്ടത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് അനുസൃതമായായിരിക്കണം എന്നാണ് സങ്കൽപ്പം. അടിയന്തരാവസ്ഥയുടെ ഒരു ചെറിയ കാലഘട്ടം ഒഴിവാക്കിയാൽ ഈ സങ്കൽപ്പത്തിൽ ഊന്നിയാണ് ഇന്ത്യ മുന്നോട്ട് ഗമിക്കുന്നത്. കാലത്തിനനുസരിച്ച് ഭരണഘടനയിലും മാറ്റങ്ങൾ വരാറുണ്ട്. ആ അർത്ഥത്തിൽ ജീവസ്സുറ്റ ഒരു ഗ്രന്ഥം തന്നെയാണ് ഇന്ത്യയുടെ ഭരണഘടന.
എല്ലാ പൗരന്മാർക്കും ജാതിമത ഭേദമില്ലാതെ തുല്യമായ അവസരവും സാമൂഹ്യനീതിയുമാണ് ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ളത്. ഈ അതുല്യമായ വാഗ്ദാനത്തോട് പൂർണമായും നീതി പുലർത്താൻ സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമായ യാഥാർത്ഥ്യമാണ്. പിന്നാക്ക വിഭാഗങ്ങളുടെ വലിയ മുന്നേറ്റം നടക്കുന്ന കാലഘട്ടമാണിതെങ്കിലും ഉന്നത ശ്രേണികളിൽ പ്രത്യേകിച്ചും ഭരണഘടനാ സ്ഥാപനങ്ങളുടെയും ബ്യൂറോക്രസിയുടെയും തലപ്പത്ത് പഴയ യാഥാസ്ഥിതിക കാലത്തിന്റെ തുടർച്ചയെന്നോണം സവർണ വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്നും ആധിപത്യം. ഇത്തരത്തിലുള്ള അധികാര കേന്ദ്രീകരണത്തിൽ കാലോചിതവും വിവിധ വിഭാഗങ്ങളുടെ തുല്യ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്ന മാറ്റങ്ങളും വരുമ്പോൾ മാത്രമേ തരം തിരിവുകളില്ലാത്ത തുല്യത ശ്വാസവായു പോലെ എല്ലാവർക്കും തടസങ്ങളില്ലാതെ ലഭ്യമാകൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ ആ നല്ല നാളെകളിലേക്ക് തന്നെയാണ് ഇന്ത്യ പ്രയാണം തുടരുന്നത്.
തുല്യനീതി സാർത്ഥകമാകുമ്പോൾ മാത്രമേ ഭരണഘടനയിലെ ഉന്നത മൂല്യങ്ങളോടും സ്വാതന്ത്ര്യ സമര യോദ്ധാക്കളുടെ ത്യാഗത്തോടും കളങ്കരഹിതമായ കടപ്പാട് രേഖപ്പെടുത്തിയതായി നമ്മൾ പൗരന്മാർക്ക് അഭിമാനിക്കാനാവൂ. അതിന് ആദ്യം വേണ്ടത് അഴിമതി വിമുക്തമായ രാഷ്ട്രീയവും ഉദ്യോഗസ്ഥ സംവിധാനവുമാണ്. ജനങ്ങളുടെ അറിവിന്റെ കുറവാണ് പലപ്പോഴും ഇത്തരം ജീർണതകൾ നിലനിൽക്കാൻ ഇടയാക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും ലഭിക്കുന്ന മേന്മയേറിയ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിലൂടെ മാത്രമേ നമുക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാനാവൂ. ഇന്ത്യയിലെ മദ്ധ്യവർഗം സാമ്പത്തികമായ ഒരു വലിയ ശക്തിയായി രൂപാന്തരപ്പെടുന്നത് വിദ്യാഭ്യാസം നൽകിയ കരുത്തിന്റെ ബലത്തിലാണ്. അതിനാൽ ലോക നിലവാരം പുലർത്തുന്ന വിദ്യാഭ്യാസരംഗം വളർത്തിയെടുക്കുന്നതിന് ഏറ്റവും കൂടുതൽ ബഡ്‌ജറ്റ് തുക നീക്കിവയ്‌ക്കുന്ന രീതിയിലേക്ക് ഇന്ത്യ മാറേണ്ടതുണ്ട്. അതിനോടൊപ്പം തന്നെ ആരോഗ്യരംഗത്തിന്റെ കാര്യത്തിലും തുല്യ പ്രാധാന്യം നൽകണം. പ്രത്യേകിച്ചും പുതിയ തരം രോഗങ്ങളും വൈറസുകളും മറ്റും ലോകത്താകമാനം അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ സുസ്ഥിരമായ ആരോഗ്യമേഖല അനിവാര്യമാണ്.
നമ്മുടെ അയൽ രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് പുലർത്താൻ ശ്രമിക്കുന്നതെങ്കിലും മുറ്റത്തെ മുല്ലയുടെ മണം അവർ തിരിച്ചറിയാൻ വൈകുന്നു എന്നതാണ് യാഥാർത്ഥ്യം. ചൈനയുമായി അത്ര ഊഷ്‌മളമായ ബന്ധമല്ല ഇന്ന് നമുക്കുള്ളത്. ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ പഴയതുപോലെ വിലപ്പോവില്ല എന്ന് ചൈനയ്ക്ക് തിരിച്ചറിയാൻ പറ്റുന്ന രീതിയിലുള്ള ചെറുത്തുനിൽപ്പിന് സദാ സന്നദ്ധമാണ് ഇന്ത്യ. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളർന്നത് ലോകത്തെ എല്ലാ വലിയ കമ്പനികളും ചൈനയിൽ ഉത്‌പാദനം തുടങ്ങിയതിന് ശേഷമാണ്. അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതിന് പൗരന്മാർക്ക് വിലക്കുള്ള ഏകാധിപത്യ സ്വഭാവമുള്ള ഭരണമാണ് ചൈനയിൽ നിലനിൽക്കുന്നത്. ഇന്ത്യയിലാകട്ടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് യാതൊരു വിലക്കുമില്ല. മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നത്. മാറിയ ലോക സാഹചര്യത്തിൽ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപത്തിന്റെ വരവിന്റെ തോത് വർദ്ധിച്ചിരിക്കുകയാണ്. ഇതിനൊപ്പം തന്നെ വിരുദ്ധ ചേരികളിൽ നിൽക്കുന്ന ലോകശക്തികളായ റഷ്യയുമായും അമേരിക്കയുമായും ഇന്ത്യ ഉറ്റ ബന്ധം പുലർത്തുകയും ചെയ്യുന്നു. ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത കാര്യമാണത്. ഇത്തരം കാര്യങ്ങളാണ് ചൈനയുടെ ഉറക്കം കെടുത്തുന്നത്. എന്നാൽ സുശക്തമായ കേന്ദ്ര സർക്കാർ നിലനിൽക്കുന്ന ഇന്ത്യ ഏതു ഭീഷണിയെയും നേരിടാൻ സർവ്വധാ സന്നദ്ധമാണെന്ന സന്ദേശമാണ് നൽകുന്നത്. പാകിസ്ഥാനാകട്ടെ ആഭ്യന്തര, സാമ്പത്തിക പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുകയാണെങ്കിലും ഇന്ത്യാവിരോധം ഇനിയും കൈവിട്ടിട്ടില്ല. ബംഗ്ളാദേശിൽ ഒരു ഭരണകൂടം തന്നെ ഇല്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. അഫ്‌ഗാനിലും ശ്രീലങ്കയിലുമൊക്കെ ആഭ്യന്തര പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. അയൽക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ മണിപ്പൂർ ഒഴിച്ചുനിറുത്തിയാൽ ഇന്ത്യ താരതമ്യേന ശാന്തമാണ്. ഭരണഘടനയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ശാന്തിയും സമാധാനവും അത്യാന്താപേക്ഷിതമാണ്.
അഹിംസാ മന്ത്രത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിന് മുന്നിൽ നിന്ന മഹാത്മാഗാന്ധി വിമർശനത്തിനും പ്രശംസയ്ക്കും അപ്പുറം പോയ വ്യക്തിത്വമാണ്. അദ്ദേഹത്തെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നവർ ചെറുതാകത്തേയുള്ളൂ. അതുപോലെയല്ല ഇന്ത്യൻ ജനാധിപത്യത്തിന്റെ മറ്റ് പ്രമുഖ ശില്പികളുടെ സ്ഥാനം. അതിനാൽ അവരെ ചെറുതാക്കി കാണിക്കാനും അവരുടെ പേരിൽ സമൂഹത്തിൽ ഭിന്നത വളർത്താനുമുള്ള രാഷ്ട്രീയ ശ്രമങ്ങൾ അപലപനീയം തന്നെയാണ്. ഭരണഘടനാ പദവികൾ വഹിക്കുന്നവർ മതങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് പൂർണമായും ഒഴിഞ്ഞുനിൽക്കണം. വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മതനിരപേക്ഷതയുടെ മൂല്യം ഉയർത്തിപ്പിടിക്കുമ്പോൾ മാത്രമേ ഭരണഘടനയുടെ അന്തഃസത്തയോട് നമുക്ക് നീതി പുലർത്താനാവൂ. ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യവും കാത്തുസൂക്ഷിക്കാൻ നമ്മുടെ എല്ലാ കക്ഷികളിലുമുള്ള രാഷ്ട്രീയ നേതാക്കൾ കൂടുതൽ ഉത്തരവാദിത്വം കാട്ടുമെന്ന് പ്രതിജ്ഞയെടുക്കേണ്ട സന്ദർഭം കൂടിയാണിത്.
വൻശക്തികളോട് ഒപ്പം നിൽക്കാൻ പോന്ന വികസനത്തിലേക്ക് ഇന്ത്യ കുതിക്കുന്ന വേള കൂടിയാണിത്. ബ്രിട്ടണെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യം പല രാജ്യങ്ങളെയും പിടികൂടിയെങ്കിലും അതിൽപ്പെടാതെ ഇന്ത്യ സാമ്പത്തിക കുതിപ്പ് തുടരുകയാണ്. ഇതിന്റെ സദ്‌ഫലങ്ങൾ ഓരോ പൗരനിലേക്കും എത്തിച്ചേരുന്നതിനുള്ള പുതിയ വഴികളും പദ്ധതികളുമാണ് കേന്ദ്രം ഇനി പിന്തുടരേണ്ടത്. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയതും അടുത്തകാലത്ത് ബഹിരാകാശത്ത് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയതും മറ്റും ശാസ്ത്രരംഗങ്ങളിലുള്ള നമ്മുടെ നേട്ടം ഈ റിപ്പബ്ളിക് ദിനത്തിൽ നമുക്ക് ആവേശവും അഭിമാനവും പകരുന്നതാണ്. ജനാധിപത്യം സുശക്തമായി നിലനിറുത്താനും ബാഹ്യ ഭീഷണികളെ അതിജീവിക്കാനും ഭൗതികവും ആത്മീയവുമായി മേൽക്കുമേൽ ഉയരാനും ഈ റിപ്പബ്ളിക് ദിനം കരുത്ത് പകരട്ടെ എന്ന് ആശംസിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |