കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ പ്രതിയായ സംവിധായകൻ സനൽകുമാർ ശശിധരനെ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിക്കാൻ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങി. ഇതിനായി അമേരിക്കൻ കോൺസുലേറ്റിനെ സമീപിക്കും. ലുക്ക് ഔട്ട് നോട്ടീസുമിറക്കും.
പിന്തുടർന്ന് ശല്യപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്‌ക്ക് നടി ഇ-മെയിലായാണ് പരാതി നൽകിയത്. ഇത് പിന്നീട് എളമക്കര പൊലീസിന് കൈമാറി. ഇതേ നടി നേരത്തേ നൽകിയ പരാതിയിൽ കുറ്റപത്രം നൽകാനിരിക്കെയാണ് സനൽകുമാറിനെതിരെ രണ്ടാമത്തെ കേസ് എത്തിയത്.
ഏതാനും ദിവസമായി നടിയെ പരാമർശിച്ചും ടാഗ് ചെയ്തും സംവിധായകൻ ഒട്ടേറെ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പോസ്റ്റുകളിൽ നടിയുടെ ജീവിതം അപകടത്തിലാണെന്ന് സനൽ പറഞ്ഞിരുന്നു. നടിയുടേതെന്ന പേരിൽ ഓഡിയോ സംഭാഷണങ്ങളും പുറത്തുവിട്ടു. തന്റെ നിരപരാധിത്വം തെളിയിക്കാൻവേണ്ടിയാണ് ഈ പോസ്റ്റുകൾ ഇടുന്നതെന്ന് സനൽ പറയുന്നുണ്ട്.നടി അഭിനയിച്ച് സനൽ സംവിധാനം ചെയ്ത സിനിമ സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് റിലീസ് ചെയ്തത്.
നടിയുടെ പരാതിയിൽ 2022 മേയിൽ എളമക്കര പൊലീസ് തന്നെ സനലിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. പാറശാലയിൽ നിന്നാണ് അന്ന് അറസ്റ്റിലായത്. സനൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യാൻ നടപടിയും തുടങ്ങിയിട്ടുണ്ട്. ആദ്യ കേസിലെ ജാമ്യം റദ്ദാക്കാനും നടപടിയുണ്ടാകും.
സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. വിദേശത്തുള്ള സനൽകുമാറിനെതിരെ നിയമപരമായ നടപടികളെടുക്കും
പുട്ട വിമലാദിത്യ
പൊലീസ് കമ്മിഷണർ
കൊച്ചി സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |