തിരുവനന്തപുരം: കാലഘട്ടത്തിന് അനുസൃതമായി പുതിയ മാധ്യമസംസ്‌കാരം അനിവാര്യമാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചാനൽപ്രവർത്തകരുടെ കൈയിലെ മൈക്ക് പ്രതിരോധമായി കരുതരുത്. അസ്വാരസ്യപ്പെടുത്തി അഭിപ്രായം പറയിപ്പിക്കുന്നത് അവസാനിപ്പിക്കണം. ചാനലുകൾ വർദ്ധിച്ചതോടെ ബ്രേക്കിങ്ങിനായി മത്സരമാണ്. റിപ്പോർട്ടിംഗിൽ തിരക്കല്ല, ആധികാരികതയാണ് ആവശ്യം. എം.ടി വാസുദേവൻനായർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർക്ക് സംസാരിക്കാൻ പ്രത്യേകസ്ഥലത്ത് മാധ്യമങ്ങൾ സൗകര്യമൊരുക്കിയിരുന്നു. അദ്ദേഹത്തെ അനുസ്മരിക്കേണ്ടവർ അവിടേക്കുവന്ന് സംസാരിച്ചു. വിദേശരാജ്യങ്ങളിലെ ഈ സംസ്‌കാരം നമ്മുടെ നാട്ടിലും വളർത്തിയെടുക്കണം.
രാജ്യത്ത് മാധ്യമപ്രവർത്തകർ വേട്ടയാടപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോൾ കേരളത്തിൽ മികച്ച സ്വീകാര്യതയാണ് അവർക്കുള്ളത്. മാധ്യമസ്വാതന്ത്ര്യത്തിൽ ആഗോളസൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തായിരിക്കുമ്പോൾ കേരളം മാധ്യമസ്വാതന്ത്ര്യത്തിൽ മുന്നിലാണെന്നും സ്പീക്കർ പറഞ്ഞു.
ജനാധിപത്യം മാധ്യമങ്ങളെ ശക്തിപ്പെടുത്തുകയല്ല, മാധ്യമങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് കോർപറേറ്റ്‌വത്കരണ കാലത്തെ മാധ്യമ പ്രവർത്തനമെന്ന വിഷയത്തിലെ പ്രഭാഷണത്തിൽ ദ ടെലിഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് ആർ.രാജഗോപാൽ പറഞ്ഞു.
വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ സ്വാഗതം പറഞ്ഞു. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, തുടങ്ങിയവർ സംസാരിച്ചു. വകുപ്പ് ഡയറക്ടർ ടി.വി സുഭാഷ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |