
പുൽപ്പള്ളി: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തുല്യത ഉറപ്പാക്കി, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അവകാശങ്ങളും അവസരങ്ങളും ലഭ്യമാക്കുന്ന ഭരണകൂട സമീപനമാണ് സാമൂഹ്യനീതിയുടെ രാഷ്ട്രീയമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ ദശകങ്ങൾക്ക് മുൻപേ വിഭാവനം ചെയ്തതും നടപ്പിലാക്കാൻ ശ്രമിച്ചതും ഇതേ ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് പുൽപ്പള്ളിയിൽ നടന്ന ഗുരുദേവ പഞ്ചലോഹ വിഗ്രഹ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ.
കേവലമായ തുല്യതയല്ല, അടിച്ചമർത്തപ്പെട്ടവർക്ക് പ്രത്യേക പരിഗണനകൾ നൽകി ഏവരേയും ഒപ്പത്തിനൊപ്പം ഉയർത്തിക്കൊണ്ടുവരുന്ന 'തുല്യനീതി'യാണ് സമൂഹത്തിൽ നടപ്പിലാകേണ്ടത്. വിദ്യാഭ്യാസപരവും തൊഴിൽപരവുമായ സംവരണത്തിലൂടെ അധികാരസ്ഥാനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രാതിനിധ്യം ഉറപ്പാക്കണം. ദാരിദ്ര്യ നിർമ്മാർജ്ജനം, ഭൂമി വിതരണം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ സമ്പത്ത് തുല്യമായി വീതിക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണം. തിരഞ്ഞെടുപ്പ് വേളകളിൽ സാമൂഹ്യനീതി വോട്ട് ബാങ്ക് രാഷ്ട്രീയമായി ചുരുങ്ങുന്ന സ്ഥിതി മാറണമെന്നും തുഷാർ ആവശ്യപ്പെട്ടു.
ക്ഷേത്ര കമ്മിറ്റി ചെയർമാൻ എൻ.കെ. ഷാജി ബത്തേരി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. സ്വാമി ശിവ ബോധാനന്ദ , സ്വാമി പ്രേമാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, നെടുമങ്ങാട് യൂണിയൻ സെക്രട്ടറി രാജേഷ് നെടുമങ്ങാട് തുടങ്ങിയവർ സംസാരിച്ചു.നിർമ്മാണ കമ്മിറ്റി കൺവീനർ സജി കോടിക്കുളത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് എ.ആർ. കരുണാകരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |