തിരുവനന്തപുരം: പാലക്കാട് മദ്യനിർമ്മാണ പ്ളാന്റ് അനുവദിച്ചത് മറ്റ് വകുപ്പുകളുമായി ആലോചിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.ഇത് സംബന്ധിച്ച മന്ത്രിസഭ രേഖകൾ അദ്ദേഹം ഇന്നലെ പുറത്തുവിട്ടു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, നവംബർ എട്ടിനാണ് ഫയൽ മന്ത്രിസഭായോഗത്തിന് സമർപ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നൽകുന്നത്. ഒരു വകുപ്പിന്റെയും അനുമതി തേടുകയോ, മറ്റു വകുപ്പുകളുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്ന് രേഖകളിൽ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
32/ജി3/2024/നികുതി ഫയൽ നമ്പരിലുള്ള കുറിപ്പിൽ ആറാമതായി മറ്റേതെങ്കിലും വകുപ്പുമായി ആലോചിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ അവരുടെ അഭിപ്രായം മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സർക്കാരിലോ മുന്നണിയിലോ ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വാദം ശരിവയ്ക്കുന്നതാണ് രേഖകളെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതി വിശദാംശങ്ങൾ അറിഞ്ഞതേയില്ല. മുന്നണിയിലും ചർച്ച ചെയ്തതായി അറിവില്ല. എന്തിനാണ് ഇത്രമാത്രം രഹസ്യ സ്വഭാവം?
. മദ്യ ഉൽപാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉൽപാദിപ്പിക്കാൻ പ്രോത്സാഹനം നൽകുമെന്നു മാത്രമാണ് 2023-24 ലെ മദ്യ നയത്തിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം മന്ത്രിസഭ യോഗത്തിന് മുന്നിൽ വന്ന കുറുപ്പിൽ സമ്മതിക്കുന്നുമുണ്ട്. ഈ തീരുമാനത്തിന്റെ ബലത്തിലാണ് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ്സ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈൻ പ്ലാന്റ് എന്നിവയ്ക്ക് ഒറ്റയടിക്ക് അനുമതി നൽകിയത്. ഈ വിഷയത്തിൽ എൽ.ഡി.എഫ് ഘടകകക്ഷികളുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്നും സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |