കൊച്ചി/തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയുടെ പ്രത്യേക പാക്കേജ്, വയനാട് പുനരധിവാസത്തിന് 2000 കോടി. നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന്റെ ശക്തമായ പ്രതീക്ഷ. ഇതുസംബന്ധിച്ച വിവരങ്ങൾ കേരളത്തിൽനിന്ന് കേന്ദ്രം ശേഖരിച്ചതായി സൂചനയുണ്ട്. ജി.എസ്.ടി വരുമാനത്തിലെ 12,000 കോടിയുടെ കുറവ് പരിഹരിക്കാനുള്ള നടപടി. വിഴിഞ്ഞത്തേക്ക് റെയിൽ- റോഡ് സൗകര്യങ്ങൾക്ക് കാപ്പക്സ് പദ്ധതിയിൽ പലിശരഹിത ദീർഘകാല വായ്പ. വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട്, വായ്പയുടെ വിഭാഗത്തിൽപ്പെടുത്താതെയുള്ള സഹായം എന്നിവയും പ്രതീക്ഷിക്കുന്നു.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 24,000 കോടിയുടെ പ്രത്യേക പാക്കേജും വായ്പാപരിധിയിൽ ഇളവും പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബഡ്‌ജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.
ആദായനികുതി ഇളവ് പരിധിയിലെ വർദ്ധന, ഇടത്തരക്കാരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ, കാർഷികോത്പാദനം ഉയർത്താനുള്ള നടപടി, ജി.എസ്.ടി നിരക്കുകളുടെ ഏകീകരണം തുടങ്ങിയവയും ബഡ്ജറ്റിൽ ഉണ്ടായേക്കാം.
പശ്ചാത്തല വികസനം, ക്ഷേമ പദ്ധതികൾ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ എന്നിവയ്ക്ക് കൂടുതൽ വിഹിതം അനുവദിച്ചേക്കും. കയറ്റുമതിയിലെ തളർച്ച മറികടക്കാൻ ഉത്പാദന മേഖലയ്ക്കായി സമഗ്ര പാക്കേജും ഉണ്ടാകുമെന്നാണ് സൂചന.
ആദായനികുതി പരിധി
അഞ്ച് ലക്ഷമാക്കിയേക്കും
അഞ്ചുലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയേക്കും. നിലവിലെ പരിധി മൂന്നു ലക്ഷമാണ്. 30% ആദായനികുതി നിൽകേണ്ട സ്ളാബിന്റെ പരിധി 15ൽ നിന്ന് 20 ലക്ഷമായി ഉയർത്തിയേക്കാം. ശമ്പളക്കാർക്ക് ലഭിക്കുന്ന സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ പുതിയ സ്‌കീമിൽ 75,000 രൂപയിൽനിന്ന് ഒരുലക്ഷമായി ഉയർത്താനും സാദ്ധ്യത. നാഷണൽ പെൻഷൻ സ്കീമിലെ (എൻ.പി.എസ്) നിക്ഷേപം, ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയം അടവ്, ഭവനവായ്പകളുടെ പലിശ തുടങ്ങിയവയ്ക്ക് നികുതി ഇളവ് നൽകിയേക്കും.നഗര, ഗ്രാമീണ മേഖലകളിലെ ഉപഭോഗതളർച്ച മറികടക്കാൻ നികുതിദായകർക്ക് അധിക ഇളവുകൾ നൽകി കൂടുതൽ പണം ലഭ്യമാക്കാനും ബഡ്ജറ്റ് ഉൗന്നൽ നൽകിയേക്കും.
കേരളത്തിന്റെ
മറ്റ് പ്രതീക്ഷകൾ
1.ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ നൽകിയ 6025 കോടിക്ക് തുല്യമായതുക വായ്പയെടുക്കാനുള്ള അനുമതി
2.പ്രവാസികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും 300 കോടി. തൊഴിലുറപ്പ് കൂലി, സ്കൂൾ ഉച്ചഭക്ഷണ വിഹിതത്തിന്റെ വർദ്ധന
3.വന്യജീവിആക്രമണം തടയാൻ 1000കോടി. റെയിൽവേ വികസനത്തിന് കൂടുതൽ പരിഗണന. ദീർഘകാലാവശ്യമായ എയിംസ്.
"ഇത്തവണയെങ്കിലും കേരളത്തോട് അവഗണന കാട്ടില്ലെന്നാണ് പ്രതീക്ഷ
-കെ.എൻ.ബാലഗോപാൽ,
സംസ്ഥാന ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |