
ന്യൂഡൽഹി: കടമെടുക്കൽ നിയന്ത്രണം കൊണ്ടുണ്ടായ 21000 കോടിയിലധികം രൂപയുടെ വിഭവ വിടവ് നികത്താൻ കേന്ദ്ര ബഡ്‌ജറ്റിൽ പ്രത്യേക പാക്കേജ് വേണമെന്ന് കേരളം. ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്.
കടമെടുക്കൽ പരിധികുറച്ചതോടെ 17,000 കോടി രൂപയുടെ നഷ്ടമുണ്ടായി. 15-ാം ധനകാര്യ കമ്മിഷൻ ശുപാർശയിൽ നിന്ന് വ്യതിചലിച്ചുള്ള വിഹിതരീതി വഴി 4,250 കോടിയുടെ നഷ്ടവും സംസ്ഥാനത്തിനുണ്ടായി.
പഴയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം. പദ്ധതികളിലെ കേന്ദ്രവിഹിതം 75 ശതമാനമായി നിലനിറുത്തണം. ജി.എസ്.ടി പരിഷ്‌കാരം വഴിയുള്ള നഷ്ടം നികത്താൻ നഷ്ടപരിഹാര സെസ് ഏർപ്പെടുത്തണം. പ്രത്യേക ജി.എസ്.ടി- 2 വരുമാന സംരക്ഷണ ചട്ടക്കൂടും നടപ്പാക്കണം.
വിഴിഞ്ഞം തുറമുഖത്തെ ഭാരത്‌മാല, സമർപ്പിത ചരക്കുഗതാഗത പദ്ധതികളുമായി സംയോജിപ്പിക്കണം. മനുഷ്യ-മൃഗ സംഘർഷങ്ങൾ നേരിടാൻ 1000 കോടി വേണം. അടിസ്ഥാന സൗകര്യ വികസനത്തിന് അധിക വായ്പയും ദേശീയപാത ഭൂമി ഏറ്റെടുക്കലിന് ചെലവാക്കിയ തുകയ്‌ക്ക് തുല്യമായ വായ്‌പയും അനുവദിക്കണം. എയിംസ്, ശബരി റെയിൽ തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.
ധാതു മണൽ ശേഖരം
പ്രയോജനപ്പെടുത്തണം
സംസ്ഥാനത്തെ പ്രതിരോധ ആസ്തികൾ പ്രയോജനപ്പെടുത്തി പ്രതിരോധ ഗവേഷണ വികസന ഇടനാഴി സ്ഥാപിക്കണം
ആരോഗ്യ/ക്ഷേമ, സേവന മേഖലയായി ടൂറിസത്തെ പുനർനിർവചിക്കണം. കേരളത്തിലെ വൻ ധാതു മണൽ ശേഖരം പ്രയോജനപ്പെടുത്താനുള്ള പദ്ധതി വേണം
റബ്ബർ അധിഷ്ഠിത എൻജിനിയറിംഗ്, ഭക്ഷ്യ സംസ്‌കരണം, സമുദ്രോത്പന്ന മൂല്യശൃംഖലകൾ എന്നിവ ശക്തിപ്പെടുത്തണം
എം.എസ്.എം.ഇ മേഖലകളെ നവീകരിക്കാൻ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കണം. വയോജനങ്ങൾക്കായി പ്രത്യേക പദ്ധതി
മടങ്ങിവരുന്ന പ്രവാസികൾക്കായി ദേശീയ നൈപുണ്യ മൊബിലിറ്റി ചട്ടക്കൂട് പ്രഖ്യാപിക്കണം
കേരളത്തിന്റെ പ്രതിഭാ വൈദഗ്‌ദ്ധ്യം ഉപയോഗപ്പെടുത്താൻ എ.ഐ അധിഷ്‌ഠിത ആരോഗ്യ ആവാസവ്യവസ്ഥ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |