തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുടാപ്പുകളുടെ എണ്ണത്തിലും കുടിശികയിലും വ്യക്തതയില്ലാത്തതിന്റെ പേരിൽ വാട്ടർ അതോറിട്ടിയും തദ്ദേശസ്വയംഭരണ വകുപ്പും തമ്മിലുള്ള തർക്കം കീറാമുട്ടിയായി തുടരുന്നു. വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ ടാപ്പുകൾ ജിയോ ടാഗ് ചെയ്യണമെന്ന് നിർദ്ദേശിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ടാപ്പുകളുടെ വിവരശേഖരണത്തിന് ഫെബ്രുവരി വരെ സമയം നൽകിയെങ്കിലും ഇതിനായി വെബ്സൈറ്റും മൊബൈൽ ആപ്പും സജ്ജമാക്കാനായില്ല.
വാട്ടർ അതോറിട്ടിയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് 1,08,938 പൊതുടാപ്പുകളാണെങ്കിൽ 88,676 ടാപ്പുകളേയുള്ളെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്. കുടിശിക 1186.15കോടിയുണ്ടെന്ന വാട്ടർ അതോറിട്ടിയുടെ വാദവും തദ്ദേശവകുപ്പ് അംഗീകരിക്കുന്നില്ല. തങ്ങളുടെ കണക്ക് പ്രകാരം 905കോടിയാണ് നൽകാനുള്ളതെന്നാണ് വകുപ്പ് വാദിക്കുന്നത്. ഈ സാഹചര്യത്തിലാണ് എല്ലാ പൊതുടാപ്പുകളും ജിയോടാഗ് ചെയ്യണമെന്ന് മന്ത്രിമാരുടെ യോഗം തീരുമാനിച്ചത്.
പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ ആദ്യഘട്ടത്തിൽ പൊതുടാപ്പുകളുടെ വിവരം മൊബൈൽ ആപ്പിലൂടെ രേഖപ്പെടുത്തും. ഇതിനായി 15 കോടി ഇരുവകുപ്പുകളും ചേർന്ന് വകയിരുത്താനും നവംബർ 15നകം വിവരശേഖരണം പൂർത്തിയാക്കാനും തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് മൊബൈൽ ആപ്പും വെബ്സൈറ്റും സജ്ജമാക്കുന്നതിന് ഇൻഫർമേഷൻ കേരള മിഷനെ ചുമതലയേൽപ്പിച്ചെങ്കിലും സാങ്കേതിക തടസം മൂലം നടപടിയായില്ല. അതേസമയം,വെബ്സൈറ്റ് സജ്ജമാക്കാൻ ഫെബ്രുവരി അവസാനം വരെ വാട്ടർ അതോറിട്ടി സമയം നീട്ടിനൽകിയിട്ടുണ്ട്.
വേണ്ടത് വ്യക്തത
പൊതുടാപ്പുകളുടെ എണ്ണത്തിലും കുടിശികയിലും വ്യക്തത വരുത്താതെ തുക അടയ്ക്കാനാവില്ലെന്നാണ് തദ്ദേശവകുപ്പിന്റെ നിലപാട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നാണ് തുക അടയ്ക്കാറുള്ളത്. ഒരു പഞ്ചായത്തിൽ 100 മുതൽ 200 വരെ പൊതുടാപ്പുകളുണ്ട്. ഉപയോഗിക്കാത്ത ടാപ്പുകൾ വരെ ഇതിലുണ്ട്. എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്ന ജൽജീവൻ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തിൽ പൊതുടാപ്പുകളുടെ ആവശ്യമില്ലെന്നാണ് വാട്ടർ അതോറിട്ടിയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |